k-swift

തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്കായി ആരംഭിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്റെ ആദ്യ പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപ. സർവീസ് ആരംഭിച്ച 11 മുതൽ 20 വരെ 1,26,818 കിലോ മീറ്റർ ഓടിയാണ് ഇത്രയും തുക ടിക്കറ്റ് വരുമാനം ലഭിച്ചത്.

എ.സി സ്ലീപ്പർ ബസിൽ നിന്ന് 28,04,403 രൂപയും, എ.സി സെമി സ്ലീപ്പറുകളിൽ നിന്ന് 15,66,415 രൂപയും, നോൺ എ. സി സർവീസുകളിൽ നിന്ന് 18,01,090 രൂപയുമാണ് ലഭിച്ചത്.

നിലവിൽ 30 ബസുകളാണുള്ളത്. എട്ട് എ.സി സ്ലീപ്പർ സർവ്വീസും ബംഗളുരുവിലേക്കാണ്. എ.സി സെമി സ്ലീപ്പറുകൾ ബസുകൾ പത്തനംതിട്ട, - ബംഗളുരു, കോഴിക്കോട്, ബംഗളൂരു എന്നിവടങ്ങിലേക്കും, അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവ്വീസ് നടത്തിയത്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്, കണ്ണൂർ , സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങിലേക്കാണ് നോൺ എ.സി സർവീസ്. പെർമിറ്റ് ലഭിക്കുന്ന മുറയ്‌ക്ക് 100 ബസുകളും ഓടുമെന്ന് സ്വിഫ്ട് മാനേജ്‌മെന്റ് അറിയിച്ചു.