
ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സംശയം
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ വീട്ടിലെ കിടപ്പുമുറിയിൽ വൃദ്ധയെ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പനംകോട് വിശ്വംഭരൻ റോഡ് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസിൽ ഗിരിജയാണ് (66) മരിച്ചത്. ഭർത്താവ് റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ സദാശിവൻ നായരാണ് (68) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.
ഗിരിജയുടെ മരണകാരണം വ്യക്തമായിട്ടില്ല. സദാശിവൻ നായർ ബാത്ത്റൂമിലെ ഹീറ്ററിൽ നിന്ന് വൈദ്യുതി ശരീരത്തിലേയ്ക്ക് കടത്തിവിട്ടും കൈയിലെ ഞരമ്പ് മുറിച്ചുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം സദാശിവൻ നായർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. വീടിന് സമീപത്ത് താമസിക്കുന്ന മകൻ ഡോ. അജിത് കുമാർ ഉച്ചയ്ക്ക് ഇവിടെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനാൽ അയൽവാസികളുടെ സഹായത്തോടെ വാതിൽ തള്ളിത്തുറന്നപ്പോഴാണ് ഗിരിജയെ കട്ടിലിൽ മരിച്ച നിലയിലും സദാശിവൻ നായരെ ബാത്ത് റൂമിൽ രക്തംവാർന്ന നിലയിലും കണ്ടത്. വൈദ്യുതി ശരീരത്തിൽ കടത്തിവിട്ടതായി മനസിലായതോടെ മെയിൻ സ്വിച്ച് ഓഫ് ചെയ്‌തതിന് ശേഷം സദാശിവൻ നായരെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. വർഷങ്ങളായി ഇവരും ഈ വീട്ടിലാണ് താമസം. രോഗബാധിതയായി ഗിരിജ രണ്ടുവർഷമായി കിടപ്പിലാണ്. നേമം പൊലീസ് കേസെടുത്തു. ഫോറൻസിക്ക് വിഭാഗം പരിശോധന നടത്തി. അജിതയാണ് മറ്റൊരു മകൾ. മരുമക്കൾ: ഡോ. രജനിദാസ്, ബിജു.ആർ.സി.