
പൂവാർ: കടലോളം വെള്ളമുണ്ടായിട്ടും പൂവാറിലെ ജനങ്ങൾക്ക് കുടിക്കാൻ ഒരുതുള്ളിയില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥ. ഈ ദുരസ്ഥയ്ക്ക് പരിഹാരം വേണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. പതിറ്റാണ്ടുകളായി പ്രദേശവാസികൾ സർക്കാരിനോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് പൂവാറിന് സമഗ്ര കുടിവെള്ള പദ്ധതി വേണമെന്ന്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് ഇപ്പോൾ പൂവാറിലെ പൈപ്പുകളിൽ വെള്ളമെത്തുന്നത്. അവ ആഴ്ചകളോളം ശേഖരിച്ച് വച്ചാണ് പ്രദേശവാസികൾ കുടിവെള്ളമായി ഉപയോഗിച്ച് വരുന്നത്. ഗ്രാമ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും ഇപ്പോഴും പൈപ്പ് കണക്ഷനുകൾ ലഭ്യമല്ല. ജനസാന്ദ്രത കൂടിയ തീരപ്രദേേശങ്ങളിൽ ശുദ്ധജല ലഭ്യതയുടെ അഭാവം കാരണം പകർച്ചവധികൾ പടർന്ന് പിടിക്കുന്നതും പതിവാണ്.
പൂവാർ ഗ്രാമപഞ്ചായത്തിൽ നിലവിൽ കുടിവെള്ളമെത്തിക്കുന്ന പ്രധാന പദ്ധതികളാണ് കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലന്റും കരിച്ചൽ വാട്ടർ സപ്ലൈസ്കീമും. കൂടാതെ കല്ലിങ്ങവിളാകം, ചേന്തി, പൂവാർ ബണ്ട് എന്നിവിടങ്ങളിലെ മിനി വാട്ടർ സപ്ലൈ സ്കീമുകളും നിലവിലുണ്ട്. ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസമാണ് ഇവിടുത്തെ പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നത്. എന്നാൽ തുടർച്ചയായി എല്ലാ ദിവസവും വെള്ളം കിട്ടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
15 വാർഡുകളിലായാണ് പൂവാർ പഞ്ചായത്ത് പ്രദേശമുള്ളത്. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ജലസമൃദ്ധമായ പഞ്ചായത്തിന്റെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പോലും ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ലന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. അരുമാനൂരിലോ, സമീപ വാർഡുകളിലോ നെയ്യാറിൽ നിന്നും വെള്ളം ശേഖരിച്ച് ശുദ്ധീകരിക്കുന്ന ഒരു പ്ലാന്റ് സ്ഥാപിക്കാനായാൽ പൂവാറിൽ മാത്രമല്ല സമീപ തീരദേശ ഗ്രാമ പഞ്ചായത്തുകൾക്കുകൂടി കുടിവെള്ളമെത്തിക്കാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനുള്ള പദ്ധതികൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുന്നോട്ടു വെയ്ക്കണമെന്നും സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.