തിരുവനന്തപുരം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കൺവെൻഷൻ 30 മുതൽ മേയ് 2 വരെ ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കും.
30ന് രാവിലെ 7.30ന് ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തും. 9.30ന് മന്ത്രി വി.എൻ. വാസവൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി ശുഭാംഗാനന്ദ, കൊച്ചിൻ ദേവസ്വം ബോർഡംഗം എം.ജി. നാരായണൻ, കൗൺസിലർ ചെമ്പഴന്തി ഉദയൻ, യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, ഷൈജു പവിത്രൻ തുടങ്ങിയവർ സംസാരിക്കും.11.30ന് 'ഗുരുസ്തവം' എന്ന വിഷയത്തിൽ സ്വാമി ധർമ്മ ചൈതന്യയും ഉച്ചയ്ക്ക് 2ന് 'തേവാരപതികങ്കൾ' എന്ന വിഷയത്തിൽ ഡോ.എം.എ.സിദ്ദീഖും പഠന ക്ലാസുകൾ നയിക്കും.3.45 ന് 'ഈശ്വരവിശ്വാസവും പ്രാർത്ഥനയും' എന്ന വിഷയത്തിൽ സ്വാമി ഗുരുപ്രകാശം പ്രഭാഷണം നടത്തും.
മേയ് 1ന് രാവിലെ 9ന് 'ഗദ്യപ്രാർത്ഥന' എന്ന വിഷയത്തിൽ ഡോ.പി.കെ.രാജേന്ദ്രൻ പഠന ക്ലാസ് നയിക്കും.11ന് 'മനസമാധാനവും ലോക സമാധാനവും' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചാസമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി എം.എ. ബേബി അദ്ധ്യക്ഷത വഹിക്കും. കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് ഡോ. ജോർജ് ഓണക്കൂർ,കേരള സാഹിത്യ അക്കാഡമി അംഗം വി.എസ്. ബിന്ദു എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് 'അദ്വൈതദീപിക' എന്ന വിഷയത്തിൽ ഡോ.എസ്.കെ.രാധാകൃഷ്ണൻ പഠന ക്ലാസ് നയിക്കും. 3.45 ന് 'ശ്രീനാരായണഗുരുദേവൻ- ആധുനിക ഭാരതത്തിന്റെ സ്രഷ്ടാവ് ' എന്ന വിഷയത്തിൽ എസ്. സുവർണ്ണകുമാർ പ്രഭാഷണം നടത്തും. മേയ് 2ന് രാവിലെ 9ന് 'സ്വാനുഭവഗീതി-ഒരു പഠനം' എന്ന വിഷയത്തിൽ സ്വാമി മുക്താനന്ദയതി, 11ന് 'അനുകമ്പാ ദശകം' എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ എന്നിവർ പഠന ക്ലാസുകൾ നയിക്കും.ഉച്ചയ്ക്ക് 2ന് 'അവനവനെ അറിയാൻ പരസഹായം ആവശ്യമുണ്ടോ?' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സ്വാമി സൂക്ഷ്മാനന്ദ മോഡറേറ്ററാകും. കേരള സാഹിത്യ അക്കാഡമി അംഗം മങ്ങാട് ബാലചന്ദ്രൻ, പ്രബുദ്ധ കേരളം ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ,സിനിമ സംവിധായകൻ മധുപാൽ, മാർ ഇവാനിയോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷെർലി സ്റ്റുവർട്ട് എന്നിവർ പങ്കെടുക്കും.വൈകിട്ട് 5ന് സമൂഹ പ്രാർത്ഥനയോടെ കൺവെൻഷൻ സമാപിപ്പിക്കും .
അന്വേഷണങ്ങൾക്ക് 0471-2595121, 2592721, 8281119121 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.