ചീഫ് സെക്രട്ടറിതല സമിതി തീരുമാനമെടുക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സംസ്ഥാന വിഹിതമായ 400 കോടി രൂപ അടിയന്തരമായി നൽകണമെന്ന് അദാനി ഗ്രൂപ്പ് തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടു. 810 കോടി രൂപയാണ് സംസ്ഥാന വിഹിതം. ഇതിൽ തുറമുഖ നിർമ്മാണം നടക്കുമ്പോൾ 400 കോടി രൂപ നൽകണമെന്നും നിർമ്മാണം പൂർത്തിയാകുമ്പോൾ ബാക്കി 410 കോടി രൂപ നൽകണമെന്നുമാണ് കരാർ. എന്നാൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ പരിശോധനയ്ക്കുശേഷമേ പണം അനുവദിക്കൂവെന്നാണ് തുറമുഖ വകുപ്പ് പറയുന്നത്. ചീഫ് സെക്രട്ടറിതല സമിതിയാകും പരിശോധന നടത്തുക. പരിശോധനയ്ക്കുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് മന്ത്രിസഭയുടെ മുന്നിൽവയ്‌ക്കും. ഡിസംബറിൽ പണി പൂർത്തിയാക്കി തുറമുഖം കമ്മിഷൻ ചെയ്യാനാണ് സർക്കാർ താത്പര്യപ്പെടുന്നത്. എന്നാൽ സർക്കാർ പറയുന്ന സമയത്ത് പണി പൂർത്തിയാക്കാൻ കഴിയുമോയെന്ന് അദാനി ഗ്രൂപ്പ് ഇപ്പോഴും ഉറപ്പ് പറയുന്നില്ല. ഡിസംബറിൽ പണി പൂർത്തിയാക്കാമെന്ന് അദാനി ഗ്രൂപ്പിന്റെ പക്കൽ നിന്ന് ഉറപ്പുവാങ്ങി 400 കോടി രൂപ പദ്ധതി വിഹിതം നൽകാമെന്നാണ് തുറമുഖ വകുപ്പ് കണക്കുകൂട്ടുന്നതെന്നും സൂചനയുണ്ട്.
നിർമ്മാണം നിറുത്തരുത്
മൺസൂൺ കാലത്തും തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കേണ്ടതില്ലെന്ന് സർക്കാർ അദാനി ഗ്രൂപ്പിന് നിർദ്ദേശം നൽകി. അദാനി ഗ്രൂപ്പിനുമുന്നിൽ സർക്കാർ ഈ നിർദ്ദേശം വയ്‌ക്കുമെന്ന് നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. തുറമുഖ വിദഗ്ദ്ധരുടെയടക്കം നിർദ്ദേശം പരിഗണിച്ചാണ് കൗമുദി വാർത്ത നൽകിയത്. മൺസൂണായാൽ തുറമുഖത്തിന്റെ നിർമ്മാണം നിറുത്തിവയ്‌ക്കാനായിരുന്നു നേരത്തെയുളള തീരുമാനം. ഇതനുസരിച്ച് ജൂണിന് മുമ്പ് പുലിമുട്ട് നിർമ്മാണം വേഗത്തിലാക്കാനായിരുന്നു നീക്കം. ജൂൺ മുതൽ ഒക്‌ടോബർ വരെ നിർമ്മാണം നടക്കില്ലെന്നായിരുന്നു തുറമുഖ വകുപ്പ് ആദ്യം അറിയിച്ചിരുന്നത്. പ്രതീക്ഷിക്കുന്നതിലും അധികം മഴ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ പുനരാലോചന മതിയെന്നാണ് തീരുമാനം.
കല്ല് ക്ഷാമം പഴങ്കഥ
തുറമുഖ നിർമ്മാണത്തിന് തമിഴ്‌നാട്ടിൽ നിന്നുളള കല്ലുകളുടെ വരവ് കുറഞ്ഞത് പരിഹരിക്കാനുളള നടപടി തുറമുഖ വകുപ്പ് ആരംഭിച്ചത് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 8 ക്വാറികളിൽ നിന്നുകൂടി കല്ല് ശേഖരിക്കാനാണ് തുറമുഖ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കല്ലുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായുളള ചർച്ചകൾ പുരോഗമിക്കുകയാണ്.