
വിഴിഞ്ഞം: തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വകുപ്പുകളെ ഉൾപ്പെടുത്തി ഏകോപന സമിതി രൂപീകരിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ പറഞ്ഞു.വികസന പ്രവർത്തനങ്ങളുടെ അവലോകനത്തിനായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്തർക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് വകുപ്പുകൾ തമ്മിൽ നിരന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുവല്ലം ലങ്കാ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ക്ഷേത്രത്തിലെ ബലിക്കടവുകളുടെ നവീകരണം,വാഹനങ്ങൾക്കുള്ള മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം, ടോയ്‌ലെറ്റുകളുടെ നിർമ്മാണം,ഭക്തജനങ്ങൾക്കുള്ള വിശ്രമ സൗകര്യം ഒരുക്കൽ, ക്ലോക്ക് റൂമിന്റെ നിർമ്മാണം എന്നിവയാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.എയ്ഡ് പോസ്റ്റും സി.സി ടി.വി കാമറകളും സജ്ജീകരിക്കും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ആനന്ദഗോപൻ അദ്ധ്യക്ഷനായിരുന്നു. ദേവസ്വം ബോർഡ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ,ഭരണസമിതി അംഗങ്ങൾ,എ.ഡി.എം.ഇ.മുഹമ്മദ് സഫീർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ,ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.