വർക്കല: പ്രാലേയഗിരി കുറ്റിക്കാട്ട് ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നു. ക്ഷേത്രവളപ്പിലെ ഓഫീസ് കുത്തിത്തുറന്ന് സ്വർണ പൊട്ടുകൾ, തിരുമുഖം, കാണിക്കവഞ്ചി ഉൾപ്പെടെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നിട്ടുണ്ട്. രാവിലെ മേൽശാന്തി നട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രഭാരവാഹികൾ വിവരമറിയിച്ചതിനെത്തുടർന്ന് അയിരൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ക്ഷേത്രപരിസരത്തും, സമീപത്തെ വയൽ പ്രദേശത്തും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെയും, മദ്യപാനികളുടെയും ശല്യം വർദ്ധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലും ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ മോഷ്ടാക്കൾ കവർന്നിരുന്നു. പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഈ മേഖലയിൽ ഊർജിതപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.