1

വിഴിഞ്ഞം: വെങ്ങാനൂർ മേക്കുംകര ശ്രീ നീലകേശി മുടിപ്പുരയിൽ ഇന്നലെ രാത്രി ദാരികനെ തേടിയുള്ള പറണേറ്റ് നടന്നു. ഇന്ന് നിലത്തിൽപ്പോര് നടക്കും. രാവിലെ 7.30ന് തുടങ്ങുന്ന ഏഴ് പോരുകൾക്കൊടുവിൽ ദേവി ദാരികനിഗ്രഹം നടത്തും. ആറു വർഷത്തിലൊരിക്കൽ നടക്കുന്ന പറണേറ്റ് കാണാൻ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു.

10.40ന് നടന്ന ചടങ്ങിൽ തെങ്ങുകൾ കൊണ്ട് നിർമ്മിച്ച 40 അടിയിലേറെ ഉയരമുള്ള പറണിൽ ദേവിയെ എഴുന്നള്ളിച്ചു. തുടർന്ന് കമുക് കൊണ്ട് നിർമ്മിച്ച ചെറിയ പറണിൽ നിന്ന് ദാരികനെയും എഴുന്നെള്ളിച്ചു. പിന്നാലെ ഇരുപറണുകൾക്കും മുകളിൽ നിന്ന് ദേവിയും ദാരികനും പരസ്‌പരം പോരിന് വിളിക്കുന്ന തോറ്റംപാട്ട് അരങ്ങേറി.

ഇന്ന് രാവിലെ നടക്കുന്ന നിലത്തിൽപോരിലെ ദാരിക നിഗ്രഹത്തെ തുടർന്ന് ഗുരുസിയും വെണ്ണിയൂർ അമ്മാംതോട്ടം കുളത്തിൽ ആറാട്ടും നടക്കും. ആറാട്ടിനുശേഷം ദേവിയെ താലപ്പൊലിയുടെ അകമ്പടിയോടെ മുടിപ്പുര സന്നിധിവരെ സ്വീകരിച്ച് ആനയിക്കും. താലപ്പൊലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വൈകിട്ട് 3.15ന് മുമ്പ് വെണ്ണിയൂർ തൃപ്പലിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെത്തണം. വൈകിട്ട് 4.40നും 5.15നും മദ്ധ്യേ ദേവിയെ അകത്തെഴുന്നള്ളിക്കും. പറണേറ്റ് ഉത്സവത്തിനുശേഷം നടതുറക്കുന്ന 30ന് രാവിലെ പൊങ്കാല, വൈകിട്ട് വിശേഷാൽപൂജ എന്നിവ നടക്കുമെന്ന് മുടിപ്പുര ദേവസ്വം പ്രസിഡന്റ് ജെ. രവിചന്ദ്രൻ അറിയിച്ചു.