
വെഞ്ഞാറമൂട്: ഇഫ്താർ വിരുന്നൊരുക്കി ക്ഷേത്ര ഭാരവാഹികൾ. മരുതുംമൂട്ടിലെ വേങ്കമല ഭഗവതി ക്ഷേത്ര ഭാരവാഹികളാണ് മുസ്ലിം സഹോദരങ്ങൾക്കായി മരുതുംമൂട്ടിലെ മസ്ജിദിൽ ഇഫ്താർ വിരുന്നൊരുക്കിയത്. കഴിഞ്ഞ 12 വർഷമായി നോമ്പ് 20ന് മസ്ജിദിൽ നോമ്പ് തുറ നടത്തുന്നത് ക്ഷേത്ര കമ്മിറ്റിയാണ്.
മത സൗഹാർദം നിലനിറുത്തുന്നതിനും നാടിന് ഐശ്വര്യത്തിനും ഒരുമിച്ച് പ്രാർത്ഥനയും നടത്തിയാണ് മഗ്‌രിബ് ബാങ്കിന് എല്ലാവരും കാത്തിരുന്നത്. ബാങ്ക് വിളി കേട്ടതോടെ എല്ലാവരും ഒരുമിച്ചുള്ള നോമ്പ് തുറയായി. വിശ്വാസികൾ മഗ്‌രിബ് നമസ്കരിക്കാൻ പോയപ്പോൾ ക്ഷേത്ര ഭാരവാഹികൾ നോമ്പുകാർക്കുള്ള ഭക്ഷണം മേശകളിൽ ഒരുക്കുന്ന തിരക്കിലായിരുന്നു. തുടർന്ന് എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചാണ് സാഹോദര്യത്തിന്റെ മാതൃക കാട്ടിയത്. വെഞ്ഞാറമൂട് സി.ഐ ഷൈജുനാഥും പങ്കെടുത്തു.