phc

മുടപുരം: കിഴുവിലം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡ് ടാറും മെറ്റലുമിളകി പൊട്ടിപ്പൊളിഞ്ഞു താറുമാറായി കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. റോഡ് റീ-ടാർ ചെയ്യാൻ അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. നൂറുകണക്കിന് രോഗികളാണ് ചികിത്സയ്ക്കായി ദിനംപ്രതി ഈ ആതുരാലയത്തിൽ കാൽനടയായും വാഹനത്തിലും എത്തുന്നത്. ഇതിനുപുറമെ ആശുപത്രി ജീവനക്കാരും. രോഗ ബാധിതരായി ശാരീരിക അവശതയോടെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സഞ്ചരിക്കേണ്ടി വരുന്നത്. ടാറും മെറ്റലുമിളകി പലസ്ഥലങ്ങളിലും ഉണ്ടായ ഗട്ടറുകൾക്കു പുറമെ കുടിവെള്ളം എത്തിക്കുന്നതിനായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടി റോഡിനു കുറുകെ ടാർ വെട്ടിപ്പൊളിച്ചിരുന്നു. ആ ഭാഗം റീടാർ ചെയ്യാനോ കോൺക്രീറ്റ് ചെയ്യാനോ വാട്ടർ അതോറിട്ടി തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഈ ഗട്ടറുകൾ മൂലം ഓട്ടോകൾ ഓട്ടം വരാൻ പലപ്പോഴും തയാറാകുന്നില്ല. അതിനാൽ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം രോഗികളും ആശുപത്രി ജീവനക്കാരും വളരെ നേരത്തെ തന്നെ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.

കിഴുവിലം പ്രാഥമികാരോഗ്യകേന്ദ്രം ആക്കോട്ടു വിളയിലാണ് സ്ഥിതിചെയ്യുന്നത്. 1996 ലാണ് പി.എച്ച്.സി ആരംഭിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പി.എച്ച്.സിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തി സർക്കാർ പ്രഖ്യാപിച്ചെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. ചികിത്സക്കായി എത്തുന്ന രോഗികളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും കണക്കാക്കിയാൽ നിലവിലുള്ള ആശുപത്രി മന്ദിരത്തിൽ ഇപ്പോൾ സ്ഥലപരിമിതി നേരിടുന്നുണ്ട്.

ആശുപത്രിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ആശുപത്രി വിപുലീകരണത്തിനുവേണ്ടി വി. ശശി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ച് ഭൗതിക സാഹചര്യം വർധിപ്പിക്കുകയും മറ്റ് ചികിത്സാസൗകര്യങ്ങൾ കൂട്ടുകയും ചെയ്യുമ്പോഴും ആശുപത്രി റോഡ് തകർന്നുകിടക്കുന്നത് കഷ്ടമാണ്.