വിതുര: വാമനപുരം നദിയിൽ സ്ത്രീകൾ കുളിക്കാനെത്തുന്ന വിതുര ചെറ്റച്ചൽ വാവുപുര കടവിലേക്ക് സമീപത്തുള്ള റിസോർട്ട് ഉടമയും സംഘവും സി.സി.ടി.വി കാമറ സ്ഥാപിച്ചത് ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ചെറ്റച്ചൽ നിവാസികളുടെ പേരിൽ പൊലീസ് കള്ളക്കേസെടുത്ത് അറസ്റ്റുചെയ്യാൻ ശ്രമിക്കുന്നതായി എം.എൽ.എ മാരുടെ നേതൃത്വത്തിൽ ചെറ്റച്ചലിൽ നടന്ന സർവ്വകക്ഷിയോഗം ആരോപണം.

കഴിഞ്ഞ മാസം 25 നാണ് സംഭവം. സംഘ‌ർഷവുമായി ബന്ധപ്പെട്ട് നാട്ടുകാരെ മർദ്ദിച്ചതിന്റെ പേരിൽ റിസോർട്ട് ഉടമയേയും കൂട്ടുകാരായ രണ്ട് പേരേയും പ്രതിയാക്കി കേസെടുക്കുകയും പ്രതികളെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സംഘർഷത്തിൽ നാട്ടുകാരായ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമികൾക്കൊപ്പമുള്ള പെൺകുട്ടിയെ ആക്രമിച്ചുവെന്ന പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നാണ് നാട്ടുകാർ പറയുന്നത്. യോഗത്തിൽ ഡി.കെ. മുരളി എം.എൽ.എ, ജി. സ്റ്റീഫൻ എം.എൽ.എ, എൽ.ജെ.ഡി സംസ്ഥാനപാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി, സി.പി.എം വിതുര ഏരിയാകമ്മിറ്റിസെക്രട്ടറി എൻ. ഷൗക്കത്തലി, സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ ജെ. വേലപ്പൻ, എസ്.സഞ്ജയൻ,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,കെ.പി.സി.സി അംഗം ആനാട് ജയൻ,ബി.ജെ.പി വിതുര പഞ്ചായത്ത് സമിതി പ്രസിഡൻറ് കെ.പി. അശോക് കുമാർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ചെറ്റച്ചൽ വാർഡ്മെമ്പർ ജി.സുരേന്ദ്രൻനായർ,എൻ.എം.സാലി, എസ്.അനിൽകുമാർ,ചെറ്റച്ചൽ സുനിൽകുമാർ,ഭദ്രം.ജി.ശശി എന്നിവർ പങ്കെടുത്തു.