
അതിബൃഹത്തായ ശരീരമൊക്കെ കാണിച്ച് പേടിപ്പിച്ചാലും ഈപി ജയരാജൻ സഖാവ് മനസ്സ് കൊണ്ട് ആളൊരു മാടപ്രാവാണ്. നിഷ്കളങ്ക ജീവി. കൊമ്പൊക്കെ കുലുക്കി സഖാവ് വരുന്നത് ഗജരാജൻ ലുക്കിലാണ്. പേടിച്ച് പോയേക്കാം. പക്ഷേ പേടിക്കേണ്ട കാര്യമില്ല. അടുത്തെത്തുമ്പോൾ പേടിക്ക് അടിസ്ഥാനമില്ലെന്ന് ബോദ്ധ്യപ്പെട്ടുകൊള്ളും. ശരിക്കും ഈപി ഗജരാജൻ എന്ന പേരാണ് അദ്ദേഹത്തിന് ഇടാൻ മാതാപിതാക്കൾ അന്ന് മുതിർന്നത്. ആ നട, ആ നോട്ടം, ആ ചെവിയാട്ടം എന്നിവയൊക്കെ തനി ഗജരാജന്റേതാണ്. മാതാപിതാക്കൾ പേരിടാൻ ചെവിയിൽ ചൊല്ലിക്കൊടുക്കുന്ന നേരത്ത് ഗജ എന്ന് പറയാനിരുന്നത് ജയ എന്നായിപ്പോയെന്ന് തെയ്യക്കഥകൾ പറയുന്ന കൂട്ടത്തിൽ കല്യാശ്ശേരിക്കാർ പറഞ്ഞുനടക്കുന്നത് ദ്രോണരും കേട്ടു.
കുംഭകർണന്റേത് പോലെയുള്ള കുംഭയും കർണങ്ങളും ജയരാജൻ സഖാവിനുമുണ്ട്. കുംഭകർണന് പറ്റിയത് പോലുള്ള അബദ്ധം പറ്റിയിട്ടില്ലെന്നേയുള്ളൂ. അങ്ങനെ അബദ്ധങ്ങൾ പറ്റുന്ന കൂട്ടത്തിലല്ല ജയരാജൻ സഖാവ്. കുംഭകർണൻ ബ്രഹ്മാവിനോട് വരം ചോദിക്കുന്ന സമയത്ത് സരസ്വതി നാവിൽക്കയറി നാവ് കെട്ടിയിട്ടത് കാരണം ഇന്ദ്രാസനം ചോദിക്കേണ്ടിടത്ത് നിദ്രാസനം ആയിപ്പോയി. അതുകൊണ്ട് കുംഭകർണന് സ്ഥിരം ഉറക്കം വിധിച്ചു. സഹോദരൻ രാവണന്റെ അപേക്ഷ പ്രത്യേകമായി കണക്കിലെടുത്ത് ബ്രഹ്മാവ് അത് ആറുമാസത്തെ ഉറക്കമായി ചുരുക്കിക്കൊടുത്തു.
അതുപോലെ ജയരാജൻ സഖാവിന്റെ നാവിൽക്കയറി കെട്ടിടാൻ സരസ്വതി പലകുറി തുനിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ കരതലാമലകം ആയിട്ടുള്ള ജയരാജൻ സഖാവ് ഊണിലും ഉറക്കത്തിലും അതുരുവിടാറുണ്ട്. പലപ്പോഴും മാനിഫെസ്റ്റോയിലെ വാചകങ്ങൾ ആ നാക്കിലൂടെ പുറത്തേക്ക് വമിക്കുന്നത് കേട്ടിട്ടാണ് സരസ്വതി പേടിച്ച് പോകാറ്. അതുകൊണ്ട് സരസ്വതിയുടെ ഉദ്യമം പലതവണ വിജയിക്കാതെ പോയി. എന്നാൽ ചില അന്തരാളഘട്ടങ്ങളിൽ സരസ്വതിക്ക് പകരം ഗുളികൻ കയറി സഖാവിന്റെ നാവിൽ ഇരിപ്പുറപ്പിക്കുന്നു. അതിന്റെയൊരു പ്രശ്നമെന്താണെന്ന് വച്ചാൽ ഗുളികൻ കയറുന്നത് സഖാവ് പോലും അറിയുന്നില്ല എന്നതാണ്.
അങ്ങനെ ഗുളികന്റെ അപഹാരം സംഭവിച്ച ഒരു ദിവസം ബോക്സിംഗ് ചാമ്പ്യൻ മുഹമ്മദാലി മരിക്കുകയുണ്ടായി. ഒരു നട്ടുച്ചനേരത്താണ്. അമേരിക്കയിൽവച്ച് നമ്മുടെ മുഹമ്മദാലി മരിച്ചുപോയി എന്നാണ് സഖാവ് പോലുമറിയാതെ സഖാവിനെ ഗുളികൻ ധരിപ്പിച്ചുവച്ചത്. ഗോൾഡ് മെഡൽ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തിയ മുഹമ്മദാലിയുടെ നിര്യാണത്തിൽ ജയരാജൻ സഖാവിനെക്കൊണ്ട് ഗുളികൻ അഗാധമായ ദു:ഖം രേഖപ്പെടുത്തിച്ചു. അത് അബദ്ധമായിരുന്നില്ല. ഗുളികന്റെ അപഹാരമായിരുന്നു. യാത്രയിലായിരിക്കുമ്പോൾ ഏതോ ചാനലുകാരൻ വിളിച്ച് മുഹമ്മദാലിയുടെ നിര്യാണത്തിൽ രണ്ട് വരി അനുശോചനം ചോദിച്ചപ്പോൾ പറഞ്ഞുപോയതാണെന്ന് സഖാവിന് പിന്നീട് പറയേണ്ടി വന്നു. ഗുളികന്റെ ഇടപെടൽരീതി ഇത്തരത്തിലാണ്.
അങ്ങനെയിരിക്കെയാണ് ഇടതുജനാധിപത്യ മുന്നണിയുടെ കൺവീനറായി ജയരാജൻ സഖാവിനെ പിണറായി സഖാവ് നിയമിച്ചത്. ജയരാജൻ സഖാവ് വന്നുകേറിയ ഉടനേ മുസ്ലിംലീഗിന്റെ രൂപമാണ് മനസ്സിൽ തെളിഞ്ഞുവന്നത്. അതും ഗുളികന്റെ ഒരു ശൈലിയാണ്. ചില രൂപങ്ങൾ മനസ്സിൽ പ്രത്യക്ഷപ്പെടുത്തിക്കൊടുക്കുക. പാർട്ടിസമ്മേളനം അവസാനിക്കാൻ നേരത്ത് വിപ്ലവഗാനം പാടുന്നത് എപ്പോഴും ജയരാജൻസഖാവാണ്. അതിന്റെ ചൂട് കാരണം ഗുളികൻ ആ നേരത്ത് മാത്രം സഖാവിനെ വിട്ടുപോകാറുണ്ട്. വിപ്ലവഗാനം പാടൽ മാത്രമാണ് ജയരാജൻ സഖാവിനെ സംബന്ധിച്ച് പാർട്ടി സമ്മേളനമെന്ന് ഗുളികനും അറിയാം. മറ്റെന്ത് ചർച്ച ആര് നടത്തിയാലും സഖാവിനതിൽ കാര്യമില്ല.
ഇനി ഇടതുമുന്നണിയിലേക്ക് പുതിയൊരു പാർട്ടിയെ തൽക്കാലം വേണ്ട എന്ന് കൊച്ചി മറൈൻഡ്രൈവിൽ ചേർന്ന പാർട്ടി സമ്മേളനം തീരുമാനിച്ചിരുന്നു. ജയരാജൻ സഖാവ് അതേപ്പറ്റി ചിന്തിച്ചിട്ടില്ല. അങ്ങനെയാണ് ലീഗ് വരുന്നെങ്കിൽ വന്നോട്ടെ എന്ന് ജയരാജൻ സഖാവ് ചാനലുകാരനോട് പറഞ്ഞത്. ചാനലുകാരന്മാരോട് എല്ലാം പറയിക്കുന്നത് ഗുളികനാണ്. മുഹമ്മദാലിയുടെ കാര്യത്തിലായാലും ലീഗിന്റെ കാര്യത്തിലായാലും. അല്ലാതെ ജയരാജൻ സഖാവ് സ്വന്തം നിലയ്ക്ക് ലീഗിനെ കൂടെ കൂട്ടാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ല. പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി സാഹിബിന് അക്കാര്യം ബോദ്ധ്യമുണ്ടായിരുന്നതിനാലാണ് ജയരാജൻ പറഞ്ഞത് ആ മുന്നണിയുടെ ഒരു പൊതുതീരുമാനമല്ല എന്ന് ആദ്യമേ പറഞ്ഞൊഴിഞ്ഞത്. പക്ഷേ ഗുളികൻ അത് പറയിച്ചു. ചാനലുകാർ അപ്പോൾത്തന്നെ കയറെടുത്ത് പാഞ്ഞു. ലീഗിനെ കെട്ടാനായിരുന്നു പാച്ചിൽ. ഇതിനെയാണ് ചാനലുകാരുടെ വളച്ചൊടിക്കൽ അല്ലെങ്കിൽ വ്യാഖ്യാനിക്കൽ എന്ന് ജയരാജൻസഖാവ് സമർത്ഥിക്കുന്നത്. അവർ ഏത് മലയുടെ മുകളിൽ കയറിയിരുന്ന് വളച്ചൊടിച്ചാലും ആ ഒടിക്കുന്ന ശബ്ദം എ.കെ.ജി സെന്ററിലിരുന്നാൽ ജയരാജൻ സഖാവിന് കേൾക്കാം. അവർക്ക് അങ്ങനെ വളച്ചൊടിക്കാൻ ധൈര്യം കൊടുത്ത ഗുളികനെ പറഞ്ഞാൽ മതിയല്ലോ. പക്ഷേ ഗുളികനാണ് ഇതൊക്കെ ചെയ്യിക്കുന്നതെന്ന് ജയരാജൻ സഖാവിന് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നിടത്താണ് പ്രതിസന്ധി. 'നടക്കാത്ത കാര്യങ്ങൾക്ക് ഇപ്പോൾ ജയരാജൻ പറഞ്ഞപോലെ' എന്നാണ് അസൂയക്കാരായ നാട്ടുകാർ പറഞ്ഞു നടക്കുന്നത്.
.........................................
- കസേര, മേശ, ബെഞ്ച്, ഏണി എന്നിവയൊക്കെ നീക്കാൻ ബുൾഡോസർ വേണോ എന്ന് വടക്കൻ ഡൽഹിയിലെ മുനിസിപ്പൽ കോർപ്പറേഷൻകാരോട് സുപ്രീംകോടതി ചോദിച്ചു. മുനിസിപ്പൽ കോർപ്പറേഷൻകാർ സാധുക്കളാണ്. നിഷ്കളങ്കരാണ്. സർവോപരി ഭാ.ജ.പയാണ്. ന.മോ.ജിയുടെ ആളുകളാണ്. അമിത് ഷാജിയുടെ ആളുകളാണ്. കസേര നീക്കാൻ ബുൾഡോസർ ഇറക്കിയ അവരുടെ മാനസികാവസ്ഥ തിരിച്ചറിയാത്ത കോടതിക്ക് ശരിക്കും ക്രൂരമനസ്സാണ്.
ജഹാംഗിർപുരിയിലെ സിബ്ലോക്കിൽ നിന്ന് കസേര നീക്കാൻ ബുൾഡോസർ ഉപയോഗിച്ചത് അവിടെ ഏറ്റവും വില കുറച്ച് കിട്ടുന്ന സാധനം അതായത് കൊണ്ടാണ്. യോഗിമാമൻ ഉത്തരപ്രദേശത്തും ചൗഹാൻജി മദ്ധ്യപ്രദേശത്തും ബുൾഡോസറാണ് ഉപയോഗിക്കുന്നത്. അപ്പോൾ ജഹാംഗിർപുരിയിലും ബുൾഡോസറാവുന്നതിൽ എന്താണ് തെറ്റ്? മനസ്സിലാവുന്നില്ല. കോടതിക്ക് അതൊന്നും നോക്കേണ്ടല്ലോ. വയറ്റുപ്പിഴപ്പിന് വർഗീയത എന്നത് ഉത്തരദേശത്തെ ആപ്തവാക്യമാണെന്ന് കോടതി തിരിച്ചറിഞ്ഞാൽ കോടതിക്ക് നല്ലത്.
ഇ-മെയിൽ: dronar.keralakaumudi@gmail.com