john-paul

ഗുരുതുല്യനായ വ്യക്തിയാണ് ജോൺ പോൾ.എന്റെ അമ്മാവന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.ആ നിലയ്ക്കാണ് പരിചയപ്പെടാൻ അവസരം ലഭിച്ചത്. സേതുമാധവൻ സാറിനും ഭരതനുമെല്ലാം എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്.

ഞാൻ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നതും ജോൺ പോൾ കാരണമാണ്. മിഴിനീർപൂക്കളാണ് ആ സിനിമ. തമിഴിലെ വലിയ ബാനറായിരുന്ന ശ്രീസായി പ്രൊഡക്ഷനാണ് ചിത്രം നിർമിക്കാൻ തയ്യാറായത്. അതിന്റെ ഉടമസ്ഥൻ ആർ.എസ് ശ്രീനിവാസനെ പരിചയപ്പെടുത്തി തന്നതും ജോൺ പോളായിരുന്നു. സിനിമാ ചർച്ചകൾ പുരോഗമിക്കേ ആർ.എസ് ശ്രീനിവാസൻ കുമരകത്തെ ഒരു ബോട്ടപകടത്തിൽ മരിച്ചു. അതോടെ പ്രൊജക്‌ട് നിന്നുപോയി. പിന്നീട് അദ്ദേഹത്തിന്റെ മക്കൾ ജോൺ പോളിനെ സമീപിച്ച് ആ സിനിമ ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു. അങ്ങനെ ഞാൻ സംവിധായകനായി. മോഹൻലാലിനെയും നെടുമുടി വേണുവിനെയും ഈ സിനിമയ്ക്കായി സമീപിച്ചതും കൊണ്ടുവന്നതും ജോൺപോളാണ്.

ഞാൻ സംവിധാനം ചെയ്യുന്ന സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതാനിരിക്കുമ്പോൾ അടുത്ത് ചെന്നിരിക്കും. ചെറിയ ചെറിയ നിർദ്ദേശങ്ങൾ പറയും. സത്യത്തിൽ അദ്ദേഹത്തിന്റെ തിരക്കഥാ അസിസ്റ്റന്റ് ആയിരുന്നു ഞാൻ. എന്നെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.ഞങ്ങൾ സിനിമാക്കാരിൽ കുറച്ചുപേർ അങ്കിൾ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം കാട്ടിയ വാത്സല്യമാണ് അതിനു പിന്നിൽ.

സഹസംവിധായകർക്ക് സ്വതന്ത്ര സംവിധായകരാകാൻ വലിയ സഹായങ്ങൾ ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ ജോൺ പോൾ മുഖേന ഒട്ടനവധി പ്രൊജക്ടുകൾ മലയാള സിനിമയിൽ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം കൈപിടിച്ച് ഉയർത്തിയ പലരും പിന്നീട് അന്വേഷിക്കുകപോലും ചെയ്യാതിരുന്നപ്പോഴും പരിഭവപ്പെട്ടിട്ടില്ല.