doc

തിരുവനന്തപുരം: ഡിജിറ്റൽ റീസർവ്വേ പൂർത്തിയാവുമ്പോൾ രേഖകളിൽ ഉള്ളതിനേക്കാൾ സ്ഥലം കൈവശമുള്ള വ്യക്തികൾക്ക്, മറ്റാരും അവകാശം ഉന്നയിച്ചില്ലെങ്കിൽ നിബന്ധനകൾക്കു വിധേയമായി പോക്കുവരവു ചെയ്യിച്ച് സ്വന്തമാക്കാനുള്ള നിയമം കൊണ്ടുവരാൻ റവന്യൂ വകുപ്പ് ആലോചിക്കുന്നു.

സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ, സർക്കാരിനോ ഉടമസ്ഥാവകശമില്ലാത്ത ഒരു തുണ്ടു ഭൂമി പോലും സംസ്ഥാനത്ത് വെറുതേ കിടക്കരുത് എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ക്രമപ്പെടുത്തൽ ഫീസായി സർക്കാരിന് വലിയൊരു വരുമാനവും കിട്ടും.

നിയമപരമായ കൈവശങ്ങളെല്ലാം ക്രമത്തിലാവുമെന്നതാണ് നിയമത്തിന്റെ പ്രത്യേകത. 200 വില്ലേജുകളിൽ മേയിൽ തുടങ്ങുന്ന ഡിജിറ്റൽ റീസർവ്വേ പൂർത്തിയാവുമ്പോഴേക്കും നിയമ നിർമ്മാണം നടത്താനാണ് ഒരുക്കം. ലാൻഡ് റവന്യൂ കമ്മിഷണർ കരട് തയ്യാറാക്കി ഭരണവകുപ്പിനും നിയമ വകുപ്പിനും കൈമാറും. ഈ വകുപ്പുകൾ പച്ചക്കൊടി കാട്ടിയാൽ മന്ത്രിസഭ തീരുമാനമെടുത്ത് നിയമസഭയ്‌ക്ക് വിടും. ആവശ്യമെങ്കിൽ ഓർഡിനൻസും പരിഗണിക്കും.

രേഖയിൽ പറയുന്ന സ്ഥലത്തിനു കരം ഒടുക്കുന്ന രീതിയാണ് മുമ്പ് ഉണ്ടായിരുന്നതെങ്കിലും 1991ലെ സർക്കുലർ പ്രകാരം സർവ്വേയിൽ കൂടുതൽ സ്ഥലം കണ്ടെത്തിയാൽ അതിനും കരം ഒടുക്കാൻ അനുമതി നൽകി.

എന്നാൽ, റീസർവ്വേയ്ക്കു ശേഷം വിസ്തീർണ്ണം കൂടുതൽ വരുന്ന കേസുകളിൽ ആകെ സ്ഥലത്തിന്റെ അഞ്ചു ശതമാനം വരെയുള്ള വർദ്ധന അനുവദിക്കാൻ തഹസീൽദാർക്കും അഞ്ചു ശതമാനത്തിന് മുകളിൽ ജില്ലാ കളക്ടർക്കും അനുമതി നൽകി 2020 സെപ്തംബർ 15ന് ഉത്തരവിറക്കിയിരുന്നു. ഇത് റദ്ദാക്കിയാണ് കഴിഞ്ഞ 21ന് പുതിയ ഉത്തരവിറക്കിയത്.

ക്രമപ്പെടുത്താൻ

 അധികമായി കൈവശമുള്ളത് സർക്കാർ ഭൂമി ആവരുത്

 മറ്റാരെങ്കിലും അവകാശം ഉന്നയിച്ചാൽ തീരുമാനം കോടതിക്ക്

 അടിസ്ഥാന വില അനുസരിച്ച് ഫീസ് ഈടാക്കും

പോക്കുവരവ് വ്യവസ്ഥ

 രേഖയിൽ 10 സെന്റുള്ള വസ്തുവിന് റീസർവ്വേയിൽ 12 സെന്റ് കണ്ടെത്തിയാൽ അത്രയും ഭൂമിയുടെ അവകാശം സംബന്ധിച്ച അപേക്ഷ നൽകി ക്രമപ്പെടുത്തണം. തുടർന്ന് ഇതിനും കരം അടയ്ക്കണം.

വിസ്തീർണ്ണത്തിൽ കുറവ് കണ്ടെത്തിയാൽ, കൈവശമുള്ള ഭൂമിക്ക് (ഉദാഹരണത്തിന് 10 സെന്റിൽ എട്ടേ ഉള്ളൂവെങ്കിൽ) അത്രയും ഭൂമിക്കുമാത്രം കരമൊടുക്കുന്നുവെന്ന് ഉടമ സമ്മതപത്രം നൽകണം. കുറവുള്ള സ്ഥലം ഉടമ കണ്ടെത്തിക്കൊടുത്താൽ പരിശോധിച്ച് നടപടി സ്വീകരിക്കാനും വകുപ്പുണ്ട്.

 വിസ്തീർണ്ണം മാറാം

ഡിജിറ്രൽ റീസർവ്വേ പൂർത്തിയാവുമ്പോൾ വസ്തുക്കളുടെ വീസ്തീർണ്ണം സംബന്ധിച്ച് കൂടുതൽ പരാതികളുണ്ടാവാനാണ് സാദ്ധ്യത. ചങ്ങല വലിച്ചുള്ള പരമ്പരാഗത അളവിൽ കൃത്യത കുറയും. ഡിജിറ്റൽ റീസർവ്വേ കിറുകൃത്യമാണ്. അതിനാൽ പലേടത്തും പഴയ വിസ്തീർണത്തിൽ വ്യത്യാസമുണ്ടാവാം.