fish

മനുഷ്യജീവന് വില നൽകാതെ ഭക്ഷണത്തിന്റെ മറവിൽ കൊള്ളലാഭം കൊയ്യുന്നവർ സമൂഹ്യവിരുദ്ധരാണെന്നതിൽ തർക്കമില്ല. മായം കലർന്ന ഭക്ഷണം കഴിച്ച് ആളുകൾ മരിക്കുന്നത് ഹീനമായ കൊലപാതകത്തിന് തുല്യം. ഉത്തരവാദികൾ യാതൊരു ദയവും അർഹിക്കുന്നില്ല. ഇത്തരക്കാർക്കെതിരെ നടപടിക്കൊരുന്ന ഭക്ഷ്യസുരക്ഷാവകുപ്പിനൊപ്പം ജനങ്ങളും ചേരണം. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകീയ പ്രവർത്തനങ്ങളായി മാറേണ്ടതുണ്ട്. നല്ല ഭക്ഷണം നാടിന്റെ അവകാശമെന്ന പേരിൽ കഴിഞ്ഞ ദിവസം സർക്കാർ തുടക്കം കുറിച്ച കാമ്പെയ്‌നെ ഏറെ പ്രതീക്ഷയോടെയാണ് നാട് നോക്കികാണുന്നത്. ഇതോടൊപ്പം ആരംഭിച്ച ഓപ്പറേഷൻ മത്സ്യയ്ക്കും ഏറെ പ്രധാന്യമുണ്ട്.

മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പിടികൂടി നശിപ്പിച്ചത് 1925 കിലോഗ്രാം മത്സ്യമാണ്. 696 പരിശോധനകളാണ് നടത്തിയത്. 772 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ബാദ്ധ്യത കൂടിയാണ്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ എല്ലാജില്ലകളിലും റെയ്ഡുകൾ ശക്തമാക്കി പരിശോധനകൾ ഉറപ്പാക്കണം. ഇതോടൊപ്പം പൊതുജനങ്ങൾക്ക് അവബോധവും നൽകണം. നിത്യോപയോഗ സാധനങ്ങളിൽ മായം കണ്ടെത്താൻ കഴിയുന്ന തരത്തിൽ ബോധവത്‌കരണം അനിവാര്യമാണ്.

എല്ലാ ജില്ലകളിലും മൊബൈൽ ഭക്ഷ്യപരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാൽ പരിശോധനകൾക്ക് മെല്ലപ്പോക്കിന്റെ ആവശ്യമില്ല. എല്ലാ ജില്ലകളിലും അതിവേഗത്തിൽ മായം കണ്ടെത്താൻ സാധിക്കും. കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ മാത്രം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലബോറട്ടറികളിൽ അയച്ച് കാത്തിരുന്നാൽ മതിയാകും.

ഉപ്പുതൊട്ട് കർപ്പൂരം വരെ മായം

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്ന മത്സ്യത്തിൽ വലിയ തോതിൽ ഫോർമാലിൻ കണ്ടെത്തിക്കഴിഞ്ഞു. സാമ്പാർ പരിപ്പിൽ അപകടകാരിയും നാഡീവ്യൂഹത്തെ തളർത്തുന്നതും വാതത്തിന് കാരണമാകുന്നതും നിരോധിക്കപ്പെട്ടതുമായ കേസരി പരിപ്പാണ് പ്രധാനമായും ചേർത്തുവരുന്നത്. തേയിലയിൽ ഇരുമ്പുപൊടി ചേർക്കുമ്പോൾ മല്ലിപ്പൊടിയിൽ ചോളം പൊടിച്ച് കലർത്തും. പാൽ കൂടുതൽ ദിവസം ചീത്തയാകാതെ സൂക്ഷിക്കാൻ ഫോർമാലിൻ,​ യൂറിയ എന്നീ രാസവസ്തുക്കളാണ് സഹായി. മുളകുപൊടിയിൽ ഇഷ്ടികപ്പൊടി ചേർക്കുന്നു. കറിപ്പൊടികളുടെ പലതും സമാനമായ സ്ഥിതിയാണ്. ആപ്പിൾ കേടാകാതിരിക്കാനും തിളക്കമുള്ളതാകാനുമായി മെഴുക് പുരട്ടും. മാങ്ങ പെട്ടെന്ന് പഴുക്കാൻ അപകടകാരിയായ കാർബൈഡ് ഉപയോഗിക്കും.

കുരുമുളകിൽ അതേ ആകൃതിയിലുള്ളതും കാട്ടിൽ വളരുന്നതുമായ മറ്റൊരുതരം കുരു ചേർക്കും. പച്ചക്കറിയും പഴവർഗങ്ങളുമൊക്കെ നിരോധിക്കപ്പെട്ടത് അടക്കമുള്ള രാസവളങ്ങൾ ചേർക്കും. കോഴി, താറാവ്, ബീഫ് എന്നിങ്ങനെ കമ്പോളത്തിൽ എത്തുന്ന ഇറച്ചികൾ നല്ലൊരു ഭാഗം ചീഞ്ഞതും നിലവാരമില്ലാത്തതും. പഞ്ചസാരയ്ക്ക് നിറം കിട്ടാൻ എല്ലുപൊടി. കുടമ്പുളിയിൽ റബർ ടാപ്പിംഗിന് ശേഷം ബാക്കിയാവുന്ന ഒട്ടുപാലിന്റെ കഷണങ്ങൾ ചേർക്കുന്നതും പതിവാണ്. മായം കലരാത്ത ഭക്ഷ്യ എണ്ണകൾ വിരളം. ശർക്കരയും പഞ്ചസാരയും ഫെവിക്കോളും ചേർത്ത് വളരെ എളുപ്പത്തിൽ തേനുണ്ടാക്കുന്ന സംഘങ്ങളും നേരത്തെ പിടിയിലായിട്ടുണ്ട്. തൈരിന് കട്ടികിട്ടാനും പാലിന് കൊഴുപ്പ് കിട്ടാനും മണ്ണിരകളെ കിഴികെട്ടി ഇടുന്നത് പതിവാണ്. വിലകൊടുത്ത് വാങ്ങി കുടിക്കുന്ന കുപ്പിവെള്ളത്തിൽ പലതും മലിനമാണെന്ന് റിപ്പോർട്ട് വന്നുകഴിഞ്ഞു. പത്തോളം കമ്പനികളുടെ വെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയെ കണ്ടെത്തിയിരിക്കുന്നു. 93 ശതമാനം കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്നാണ് കണ്ടെത്തൽ.

നല്ല മീൻ ഏത്, തിരിച്ചറിയാം

• ശരീരത്തിൽ സ്വാഭാവിക തിളക്കം
• മത്സ്യത്തിന് ദുർഗന്ധമോ രാസഗന്ധമോ ഉണ്ടാകില്ല
• തൊട്ടുനോക്കുമ്പോൾ മാംസത്തിന് കട്ടിയും ഉറപ്പും. മീനിൽ തൊടുന്ന ഭാഗം കുഴിയില്ല
• കണ്ണുകൾ തിളക്കമുള്ളതും ഒരുവിധ നിറവ്യത്യാസവും ഇല്ലാത്തതും
• മങ്ങിയതും കലങ്ങിയതുമായ കണ്ണുകൾ അഴുകിയ മത്സ്യത്തിന്റെ ലക്ഷണമാണ്
• ഗുണനിലവാരമുള്ള മത്സ്യത്തിന്റെ ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പ് നിറമായിരിക്കും

മായം കണ്ടെത്താം വേഗത്തിൽ

തേയിലയിൽ ചായം ചേർത്തിട്ടുണ്ടോ എന്നറിയാൻ അൽപം ചുണ്ണാമ്പു വിതറുക. ചുവന്ന നിറത്തിൽ ചായം ചുണ്ണാമ്പിൽ പറ്റിപ്പിടിക്കുന്നത് കാണാം.

മുളകുപൊടിയിൽ നിറം ചേർന്നിട്ടുണ്ടോ എന്നറിയാൻ ഒരു ഗ്ലാസ് വെള്ളത്തിൽ മുളകുപൊടി വിതറുക. ചായം വെള്ളത്തിൽ പടരും.

ചെറിയ പാത്രത്തിൽ വെളിച്ചെണ്ണയെടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക. വെളിച്ചെണ്ണ കട്ടയായി വേർതിരിഞ്ഞ് പ്രത്യേകമാകും.

വില കൊടുത്ത് കാൻസർ

വാങ്ങുന്ന നിരപരാധികൾ

സംസ്ഥാനത്ത് കാൻസർ വ്യാപകമാകുന്നതിന് മായം കലർന്ന ഭക്ഷണം പ്രധാന കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധർ നിരവധിതവണ ആവർത്തിച്ചിട്ടുണ്ട്. പ്രതിവർഷം സർക്കാർ ആശുപത്രികളിൽ മാത്രം അരലക്ഷത്തിലധികം പേർക്കാണ് കാൻസർ സ്ഥിരീകരിക്കുന്നത്. മായംകലർന്ന ഭക്ഷണം തുടർച്ചയായി കഴിക്കുന്നതിന്റെ ദുരന്തഫലം ഏറെക്കാലത്തിനു ശേഷമാകും ഗുരുതര രോഗങ്ങളായി അനുഭവിക്കേണ്ടിവരിക.

എൻഡോസൾഫാൻ അടക്കമുളള കീടനാശിനി ഉപയോഗിച്ച പച്ചക്കറികളും പഴങ്ങളും രാസവസ്തുക്കൾ കലർന്ന മത്‌സ്യം, പരിശോധനയില്ലാതെ എത്തുന്ന മാംസം എല്ലാം രോഗങ്ങൾക്ക് വഴിവയ്‌ക്കുന്നതായാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മാത്രം പ്രതിവർഷം 15000 മുതൽ ഇരുപതിനായിരം വരെ പുതിയ അർബുദ ബാധിതരെയാണ് കണ്ടെത്തുന്നത്.

അർബുദം, പ്രമേഹം, രക്തസമ്മർദ്ദം, നാഡീസംബന്ധമായ അസുഖം, വൃക്കസംബന്ധമായ അസുഖം, ശ്വാസകോശ സംബന്ധമായ അസുഖം, ആന്തരിക രക്തസ്രാവം എന്നിവയെല്ലാം മായം കലർന്ന ഭക്ഷണത്തിന്റെ അനന്തരഫലങ്ങളിൽ ചിലതാണ്.

വിളിക്കാം, മടിക്കേണ്ടതില്ല

ഭക്ഷ്യപദാർത്ഥങ്ങളിൽ മായമുണ്ടെന്ന് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പരിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. അതത് ജില്ലകളിൽ ബന്ധപ്പെടേണ്ട നമ്പരുകൾ പ്രത്യേകം സ്ക്വാഡുകളുമുണ്ട്.

തിരുവനന്തപുരം - 8943346181, കൊല്ലം - 8943346182, പത്തനംതിട്ട - 8943346183, ആലപ്പുഴ - 8943346184, കോട്ടയം 8- 943346185, ഇടുക്കി - 8943346186, എറണാകുളം - 8943346187, തൃശൂർ - 8943346188, പാലക്കാട് - 8943346189, മലപ്പുറം - 8943346190, കോഴിക്കോട് - 8943346191, വയനാട് - 8943346192, കണ്ണൂർ - 8943346193, കാസർകോട് - 8943346194.