
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ തികച്ചും പുതുമയാർന്ന ഒരദ്ധ്യായത്തിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഡൽഹി സന്ദർശനം തുടക്കമിട്ടിരിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ കരുത്തും പ്രസക്തിയും വർദ്ധിപ്പിക്കാനും സന്ദർശനം ഉപകരിച്ചിട്ടുണ്ട്. ബ്രിട്ടൻ ഉൾപ്പെടെ വികസിത രാഷ്ട്രങ്ങളുടെ മുമ്പിൽ അടിയാളരെപ്പോലെ നിന്നിരുന്ന കാലം മാറി ഉഭയകക്ഷിബന്ധം തുല്യതയുടെ അടിസ്ഥാനത്തിൽ പുതിയ തലത്തിലേക്ക് വളരുകയാണ്.
സാങ്കേതികവിദ്യാ കൈമാറ്റം ഉൾപ്പെടെ പലമേഖലകളിലും ഇന്ത്യയ്ക്കും വിലപ്പെട്ടത് നൽകാൻ കഴിയുമെന്ന് സ്പഷ്ടമാക്കുന്നതാണ് ചില കരാറുകൾ. പ്രത്യേക കയറ്റുമതി ലൈസൻസിലൂടെ പ്രതിരോധമേഖലയിൽ ബ്രിട്ടനുമായുള്ള ബന്ധം ശക്തിപ്പെടും. ആസ്ട്രേലിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ഈയിടെ ഇന്ത്യ ഏർപ്പെട്ട സ്വതന്ത്രവ്യാപാര കരാറിനു സമാനമായി ബ്രിട്ടനുമായും കരാറുണ്ടാക്കാൻ ധാരണയായിട്ടുണ്ട്. അടുത്ത ദീപാവലിക്കു മുമ്പ് ഇതുസംബന്ധിച്ച കരാർ നിലവിൽ വരുമെന്നാണ് പ്രഖ്യാപനം. ഇറക്കുമതിക്കു കൂടുതൽ ഇളവുകൾ ലഭിക്കുന്നതിനൊപ്പം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാനും അവസരം ലഭിക്കും. പ്രതിരോധമേഖലയിൽ ഏറെ നേട്ടമുണ്ടാക്കുന്നതാണ് സ്വതന്ത്ര കയറ്റുമതി ലൈസൻസ്. പ്രതിരോധ ഇടപാടുകളിൽ ഇപ്പോഴുള്ള കാലതാമസം ഗണ്യമായി കുറയ്ക്കുന്നതാണ് ഒ.ജി.ഇ.എൽ എന്ന പുതിയ സംവിധാനം. രാജ്യത്ത് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ കരാറുകൾ സഹായിക്കും.
ബോറിസ് ജോൺസൺ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒപ്പുവച്ച ആറു കരാറുകൾ പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയെന്ന നിലയ്ക്ക് ഇന്ത്യയെ തുല്യനിലയിൽ അംഗീകരിക്കാനും പരസ്പര സഹകരണം ദൃഢമാക്കാനുമുള്ള ബ്രിട്ടന്റെ സന്നദ്ധതയാണത്. വാണിജ്യ - വ്യാപാര ഇടപാടുകൾ ഇരട്ടിയാക്കാൻ സഹായിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട കരാർ.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സവിശേഷ സുഹൃത്ത് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. യുക്രെയിൻ പ്രശ്നത്തിൽ ഇന്ത്യ എടുത്തിട്ടുള്ള നിലപാടിനെ തള്ളിപ്പറയാനും അദ്ദേഹം തയ്യാറായില്ല. റഷ്യയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത ബന്ധത്തിൽ ഉൗന്നിയുള്ളതാണ് ആ നിലപാട്. ഇന്ധന വിഷയത്തിൽ റഷ്യയും ഇന്ത്യയും തമ്മിലുള്ള കരാറിനെയും ബ്രിട്ടൻ മാനിക്കുന്നു. ഇന്ത്യയുടെ ചില ആഭ്യന്തര പ്രശ്നങ്ങൾ ഉയർത്തി വിമർശിക്കാനൊരുങ്ങുന്നവരോടും തനിക്കു മതിപ്പില്ലെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്.
ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി ബ്രിട്ടനിൽ ചേക്കേറിയവരെ സംരക്ഷിക്കുന്ന സമീപനത്തിൽ നിന്ന് പിന്തിരിയുമെന്ന് ഉറപ്പൊന്നും നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ബാങ്കുകളെ വെട്ടിച്ച് മുങ്ങിനടക്കുന്ന വിജയ് മല്യയെയും നീരവ് മോദിയെയും കൈമാറണമെന്ന് ഇന്ത്യ എത്രയോ കാലമായി ആവശ്യപ്പെട്ടുവരികയാണ്. സാമ്പത്തിക തട്ടിപ്പ് നടത്തി ബ്രിട്ടനിൽ സുഖമായി കഴിയുന്നവരെ ഇന്ത്യയ്ക്കു കൈമാറണമെന്ന് പ്രധാനമന്ത്രി മോദിയും ആവശ്യപ്പെട്ടിരുന്നു.
പ്രതിരോധ ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ വർദ്ധിച്ച സ്വാശ്രയത്വപാത സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ബ്രിട്ടനുമായി ഇപ്പോൾ ഒപ്പുവച്ച കരാറുകൾ ഏറെ ഗുണം ചെയ്യും. യുദ്ധവിമാന സാങ്കേതികവിദ്യാരംഗത്ത് ബ്രിട്ടനുമായി കൂടുതൽ അടുത്ത് സഹകരിക്കാൻ കരാർ വഴിയൊരുക്കും.