kettidam-nirmmikunna-stha

കല്ലമ്പലം: നാവായിക്കുളം - പള്ളിക്കൽ റോഡിൽ വെള്ളൂർകോണം മുസ്ലിം പള്ളിക്ക് സമീപം ഇ.എസ്.ഐ ആശുപത്രിക്ക് കെട്ടിടം നിർമ്മിക്കാൻ പതിറ്റാണ്ടുകൾക്ക് മുൻപ് ഏറ്റെടുത്ത ഭൂമിയിൽ കെട്ടിടം ഉയരും. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങിയതായി അടൂർ പ്രകാശ് എം.പി അറിയിച്ചു. കെട്ടിടം നിർമ്മിക്കാൻ 5.02 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ കരാർ നടപടികൾ പൂർത്തിയായി. ആദ്യഘട്ടമായി കരാർ തുകയുടെ 40 ശതമാനം നൽകും. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കഴിഞ്ഞ നവംബറിലാണ് കെട്ടിട നിർമ്മാണത്തിനായി തുക അനുവദിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കരാർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. അനുവദിച്ച തുകയുടെ 50 ശതമാനം പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെടുകയും 10 ശതമാനത്തിൽ കൂടുതൽ അനുവദിക്കാനാവില്ലെന്ന് ഇ.എസ്.ഐ വകുപ്പ് നിലപാടെടുക്കുകയും ചെയ്തതോടെ നിർമ്മാണ പ്രവർത്തനം വീണ്ടും അനിശ്ചിതത്വത്തിലായി. കേന്ദ്രമന്ത്രിയെയും ഇ.എസ്.ഐ വകുപ്പ് ഡയറക്ടറെയും എം.പി നേരിൽക്കണ്ട് നടത്തിയ ചർച്ചകളെത്തുടർന്ന് 40 ശതമാനം തുക അനുവദിച്ചു. ആശുപത്രി മന്ദിരത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങാനാകും. ഇ.എസ്.ഐ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം അനന്തമായി നീണ്ടുപോയതോടെ നിരവധിതവണ കേരളകൗമുദിയിൽ വന്ന വാർത്തയാണ് നടപടികൾ വേഗത്തിലാക്കിയത്.

കല്ലമ്പലം മേഖലയിലെ തൊഴിലാളികൾക്ക് മികച്ച ചികിത്സയും മരുന്നും ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് 1970ൽ നാവായിക്കുളത്ത് ഇ.എസ്.ഐ ഡിസ്‌പെൻസറി ആരംഭിച്ചത്. കരവാരം, നാവായിക്കുളം, പള്ളിക്കൽ, ചെമ്മരുതി, ഒറ്റൂർ, ഇടവ, ഇലകമൺ, മടവൂർ എന്നീ പഞ്ചായത്തുകളിലെ പതിനായിരത്തോളം തൊഴിലാളികളുടെ ആശ്രയ കേന്ദ്രമായി പിന്നീട് ഈ ആശുപത്രി മാറി. കിടത്തി ചികിത്സയുൾപ്പെടെയുള്ള സംവിധാനങ്ങൾ വേണമെന്ന ആവശ്യം ഉയർന്നതോടെ ഭൂമി ലഭ്യമാക്കിയാൽ 20 കിടക്കകളോട് കൂടിയ കെട്ടിടം നിർമ്മിക്കാമെന്ന് ഇ.എസ്.ഐ അധികൃതർ അറിയിച്ചിരുന്നു. തുടർന്നാണ് 1985ൽ ആശുപത്രിക്കായി രണ്ടേക്കറോളം ഭൂമി ഏറ്റെടുത്തത്. 2012ൽ കെട്ടിടത്തിന് തറക്കല്ലിടലും നടന്നു. എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.

അടൂർ പ്രകാശ് എം.പി ആശുപത്രി വിഷയം കേന്ദ്ര തൊഴിൽ മന്ത്രിയെ നേരിട്ട് അറിയിക്കുകയും പാർലമെന്റിൽ 2020 ഫെബ്രുവരിയിൽ ഇത് സംബന്ധിച്ച് സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് സ്ഥലം പരിശോധിക്കുന്നതിന് കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഏറ്റെടുത്ത ഭൂമി ആശുപത്രി നിർമ്മാണത്തിന് പറ്റിയതല്ലെന്നായിരുന്നു ഈ സംഘത്തിന്റെ റിപ്പോർട്ട്. നിർദ്ദിഷ്ട ഭൂമിയിൽ കുട്ടികൾ കളിക്കുന്നതുൾപ്പെടെയുള്ള വീഡിയോ ചിത്രീകരിച്ച് മന്ത്രിയെയും ഡയറക്ടറെയും കാണിക്കുകയും ഭൂമിയുടെ വ്യക്തമായ ചിത്രം ബോദ്ധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ചത്.