
കള്ളിക്കാട്: മൂന്ന് പതിറ്റാണ്ടിന് ശേഷം പാടത്ത് ഞാറുനട്ട് യുവകർഷകൻ. നെൽകൃഷി ഉപേക്ഷിച്ച് നട്ട റബർ നീക്കം ചെയ്താണ് കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ഞാംകടവ് വാർഡിലെ കുഴിവിളാകത്ത് വീട്ടിൽ സാമുവേൽ നെൽകൃഷി ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിലേക്ക് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിന്റെയും കള്ളിക്കാട് കൃഷി ഭവന്റെയും ആഭിമുഖ്യത്തിലാണ് ജൈവ വളം ഉപയോഗിച്ചുള്ള നെൽകൃഷിക്ക് തുടക്കമായത്.
ഡിഗ്രി പഠനം പൂർത്തിയാക്കി സ്വകാര്യ മേഖലയിൽ ജോലി നോക്കിയിരുന്ന സാമുവേലിന് അച്ഛന്റെ കാർഷിക താത്പര്യങ്ങളായിരുന്നു പകർന്ന് കിട്ടിയത്. ഈ താത്പര്യമാണ് ഇപ്പോൾ പാട്ടേക്കോണത് മുപ്പത് സെന്ററിൽ ഉണ്ടായിരുന്ന അൻപതോളം റബർ മരങ്ങൾ മുറിച്ചുനീക്കി നെൽകൃഷിക്ക് സജ്ജമാക്കിയത്.
വാഴ ഉൾപ്പടെ കൃഷി ചെയ്തിരുന്ന സാമുവേൽ വന്യമൃഗ ശല്യം രൂക്ഷമായിരുന്നതിനാൽ കൃഷിയിൽ കുറച്ചു പിന്നോട്ട് പോയെങ്കിലും ഇപ്പോൾ സോളാർ ഫെൻസിംഗ് വച്ചതോടെ ഇവയുടെ ശല്യം ഒഴിവായി. മാതൃക കർഷകനുള്ള പുരസ്കാരം കരസ്ഥമാക്കിയ രാജുവിന്റെ ഉപദേശവും സഹായവും കൂട്ടായുണ്ട്.
കള്ളിക്കാട് കൃഷി ഓഫീസർ ഷിൻസി,വാർഡ് അംഗം പ്രതീഷ് മുരളി എന്നിവരും ഞാറുനടീലിൽ പങ്കാളികളായി.സാമുവലിന്റെ ഭാര്യ മഞ്ജുവും എട്ടുവയസുകാരനായ മകൻ ജോഷോയും ഞാറുനടീലിന് ഒപ്പം കൂടി. കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണിതെന്ന് കൃഷി ഓഫീസർ ഷിൻസി പറഞ്ഞു.ഷിൻസിയാണ് ഞാറുനടീൽ ഉദ്ഘാടനം ചെയ്തത്.