start-up

ചൊവ്വാഴ്ച മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ മികച്ച ഉത്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് അതിവേഗം പ്രയോജനപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ടു ഗവൺമെന്റ് (ബി 2 ജി) ഉച്ചകോടി 26 ന് നടക്കും. രാവിലെ 9.30 ന് മസ്‌കറ്റ് ഹോട്ടലിൽ മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി വിപി ജോയ് അദ്ധ്യക്ഷത വഹിക്കും. 'സ്റ്റാർട്ടപ്പ് സംഭരണം: കേരള മാതൃക" എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ജോൺ എം. തോമസ് സംസാരിക്കും. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുമായി സംവദിച്ച് ആവശ്യകതകൾ മനസിലാക്കി ഉത്പന്നങ്ങളെ അവതരിപ്പിക്കാം. സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവരുടെ ആവശ്യങ്ങൾ സ്റ്റാർട്ടപ്പുകളെ ധരിപ്പിച്ച് ഉത്പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്തിയെടുക്കാനും ഉച്ചകോടി വഴിയൊരുക്കും. https://pps.startupmission.in/ എന്ന ലിങ്കിലൂടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.