ll

വർക്കല: വർക്കല ഗവ. ജില്ല ആയുർവേദ ആശുപത്രിയിലെ പേവാർഡ് കെട്ടിട നിർമ്മാണം പാതിവഴിയിൽ നിലച്ചു. കെട്ടിടം പണി പൂർത്തീകരിക്കുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിക്കാണ് ഈ ദുരവസ്ഥ. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് 2019ൽ പേവാർഡ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

രണ്ട് നില കെട്ടിടത്തിലെ അടിസ്ഥാനത്തിലും സ്പാനുകൾക്കും മേൽക്കൂര കോൺക്രീറ്റ് ചെയ്തതിനുമായി ഏകദേശം 1.5 കോടി രൂപയിലധികം ചെലവായെന്നാണ് പറയുന്നത്. 3.25കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ബാക്കിയുള്ള ജോലികൾ പൂർത്തീകരിക്കുന്നതിനായി ടെൻഡർ വിളിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2022 -23 ബ‌ഡ്ജറ്റിൽ തുടർന്നും ഒരു കോടി രൂപയിലധികം വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലയളവിൽ ആശുപത്രിയുടെ അറ്റകുറ്റപ്പണികൾക്ക് അനുവദിച്ച 30 ലക്ഷം രൂപയും പൂർണമായും വിനിയോഗിച്ചില്ലെന്നും ആരോപണമുണ്ട്.

ടൈലുകൾ മാറ്റാനും ഇലക്ട്രിക് വയറിംഗ് ജോലികൾക്കും, ടോയ്‌‌ലെറ്റുകളുടെ നവീകരണത്തിനും അനുവദിച്ച തുകയാണ് ഇതെന്നും പറയപ്പെടുന്നു. പേവാർഡ് കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണസമിതിയും ബന്ധപ്പെട്ട വകുപ്പും അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.