online

തിരുവനന്തപുരം: തപാൽവകുപ്പ് മുഖാന്തരം സബ്സിഡി ആനുകൂല്യങ്ങളും മറ്റും ലഭ്യമാക്കുമെന്ന് വാഗ്ദാനം നൽകുന്ന മൊബൈൽ ആപ്പുകളുടെ മറവിൽ പണം തട്ടുന്നു. ബാങ്ക് അക്കൗണ്ടിൽ നിന്ന് പലപ്പോഴായി കാൽലക്ഷം രൂപ നഷ്ടപ്പെട്ട തൃശൂർ സ്വദേശിയുടെ പരാതിയിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

പോസ്റ്റൽ വകുപ്പ് മുഖാന്തരം ഗവൺമെന്റ് സബ്സിഡികൾ വിതരണം ചെയ്യുന്നതിനുള്ള ലിങ്കെന്ന വ്യാജേന ഒരു ലിങ്ക് വാട്ട്സ് ആപ്പ് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോസ്റ്റൽ വകുപ്പിന്റെ ലോഗോയും, ചിത്രങ്ങളും അടങ്ങിയ വെബ്സൈറ്റ് തെളിയും. നിങ്ങൾക്ക് 6000 രൂപ ഗവൺമെന്റ് സബ്സിഡി ലഭിക്കാനുണ്ടെന്ന സന്ദേശമെത്തും. ലളിതമായ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യപ്പെടും. അതു ചെയ്താൽ, സമ്മാനമടിച്ചതായും അത് ലഭിക്കാൻ അതിൽ തന്നിട്ടുള്ള ചിത്രങ്ങൾ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും. വമ്പൻ തുകയോ കാറോ സമ്മാനമായി ലഭിച്ചതായാകും കാണും.

സമ്മാനം ലഭിക്കാൻ അവർ നൽകുന്ന ലിങ്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാൻ നിർദേശിക്കും.

ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയവ ആവശ്യപ്പെടും. സമ്മാനത്തുക അയക്കാൻ പ്രോസസിംഗ് ചാർജ്, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയ പേരിൽ പലഘട്ടങ്ങളിലായി പണം കൈപ്പറ്റിക്കൊണ്ടേയിരിക്കും

 തപാൽ വകുപ്പ് സമ്മാനം നൽകില്ല

ഇന്ത്യാ പോസ്റ്റിന്റെ പേരിൽ പ്രചരിക്കുന്ന ലിങ്ക് അവഗണിക്കുക. അതിൽ ക്ലിക്ക് ചെയ്യുകയോഷെയർ ചെയ്യുകയോ ചെയ്യരുത്. തപാൽ വകുപ്പ് ആർക്കും സമ്മാനങ്ങൾ നൽകുന്നില്ല.തപാൽ വകുപ്പ് വെബ്സൈറ്റിന്റെ വെബ് വിലാസം (URL) ശ്രദ്ധിക്കുക.

'സർക്കാർ വകുപ്പുകളുടെ പേരിലാണ് പല പുതിയ തട്ടിപ്പുകളും നടത്തുന്നത്. പണമോ മറ്റ് വിവരങ്ങളോ കൈമാറി വഞ്ചിതരാകരുത്".

- അസി. കമ്മിഷണ‌ർ, സൈബർ ക്രൈം സ്റ്റേഷൻ, തിരുവനന്തപുരം.