
കാട്ടാക്കട: ശക്തമായ മഴയിൽ നാഞ്ചല്ലൂർ ഏല വെള്ളത്തിനടിയിലായി. ആമച്ചൽ നാഞ്ചല്ലൂർ ഏലായിൽ നാഞ്ചല്ലൂർ പ്രദേശത്ത് മഴക്കാലത്ത് വെള്ളം കെട്ടി വ്യാപകമായാണ് കൃഷി നശിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഏക്കറുകണക്കിന് വെള്ളരി, പയർ, വെണ്ട, കപ്പ, വാഴ കൃഷികളാണ് വെള്ളം കയറി നശിച്ചത്.
ആമച്ചലിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് മഴവെള്ളം വന്നു പതിക്കുന്നത് ആമച്ചൽ നാഞ്ചല്ലൂർ തോട്ടിലാണ്. പിന്നിട് നെയ്യാറിലേക്ക് ഒഴുകും. എന്നാൽ ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്ടുമായി ബന്ധപ്പെട്ട പൈപ്പിടൽ പൂർത്തിയാക്കിയപ്പോൾ തോടിന്റെ ബണ്ട് പലസ്ഥലങ്ങളിലും പൊട്ടി. അതുവഴി മഴക്കാലത്ത് അനിയന്ത്രിതമായി വെള്ളം വയലുകളിൽ പതിക്കുകയുമാണിപ്പോൾ.
പ്രോജക്ടിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും നിലവിലെ പണികൾ പൂർത്തീകരിച്ച് ബണ്ടുകൾ ക്ലിയർ ചെയ്യാതെയാണ് കോൺട്രാക്ടർ മടങ്ങിയത്. ഇപ്പോൾ ഒരു ചെറിയ മഴ പെയ്താൽ പോലും വയലുകൾ നിറഞ്ഞുകവിയുന്നതും അതുവഴി കൃഷികൾ നശിക്കുന്നതും പതിവായിരിക്കുകയാണ്. കാട്ടാക്കട പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് അടിയന്തരമായി നടപടികൾ കൈക്കൊള്ളുമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കർഷക തൊഴിലാളി യൂണിയൻ നാഞ്ചല്ലൂർ യൂണിറ്റ് സെക്രട്ടറി സുരേഷ് നാഞ്ചല്ലൂരും പ്രസിഡന്റ് പാലസും ആവശ്യപ്പെട്ടു.