thakarnna-road

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലുൾപ്പെട്ട ചാന്നാരുകോണം - കാവുവിള - കലവൂർകോണം റോഡ്‌ തോടായി മാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. നൂറോളം കുടുംബങ്ങളാണ് കാൽനട യാത്ര പോലും ദുസഹമായ റോഡിനെ ആശ്രയിക്കുന്നത്. കുടവൂർ പാടശേഖരത്തിന്റെ ഒരുവശത്ത് കൂടി ചാന്നാരുകോണത്ത് നിന്ന് ആരംഭിച്ച് കലവൂർകോണം - കപ്പാംവിള റോഡിൽ അവസാനിക്കുന്ന രണ്ടു കിലോമീറ്ററോളം മാത്രം ദൈർഘ്യമുള്ള റോഡിനാണ് ഈ ദുർഗതി. 15 വർഷമായി ഒരു കിലോമീറ്ററോളം മാത്രം ദൈർഘ്യമുണ്ടായിരുന്ന റോഡ്‌ 8 വർഷത്തിന് മുൻപാണ് നാട്ടുകാരുടെ ശ്രമഫലമായി രണ്ട് കിലോമീറ്ററോളം ദീർഘിപ്പിച്ചത്. ഇതുവരെയും ടാർ ചെയ്യാത്ത റോഡിൽ പൈപ്പ് ലൈനിന് വേണ്ടി കുഴിയെടുത്തിട്ട് ശരിയായ രീതിയിൽ മണ്ണിട്ട് മൂടാത്തതാണ് റോഡ്‌ കുളമാകാൻ കാരണം. കുടവൂർ പാടശേഖരത്തിൽ കൃഷിയിറക്കാനും വിളവെടുക്കാനുമുള്ള യന്ത്രങ്ങളും വളങ്ങളും ഈ റോഡ്‌ വഴിയാണ് കൊണ്ടുവന്നിരുന്നത്. റോഡ്‌ തകർന്നതോടെ കർഷകരും ബുദ്ധിമുട്ടിലായി. കാൽനടയായും സൈക്കിളിലും മറ്റും സ്കൂളിൽ പോയിവരുന്ന വിദ്യാർത്ഥികൾക്കും റോഡിലൂടെയുള്ള യാത്ര ദുരിതം തന്നെ. അടിയന്തരമായി റോഡ്‌ ടാർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.