
തിരുവനന്തപുരം: അത്യാധുനിക സംവിധാനങ്ങളുള്ള 62 വാഹനങ്ങൾ പുതുതായി ഫയർഫോഴ്സിന്റെ ഭാഗമായി. 27 കോടി രൂപ ചെലവാക്കി വാങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഇതിൽ ക്രൈസിസ് കൺട്രോൾ, ക്രൈസിസ് മാനേജ്‌മെന്റ് വാഹനങ്ങൾ ആദ്യമായാണ് ഫയർഫോഴ്സിലെത്തുന്നത്. അതിവേഗം കൂടുതൽ ശക്തിയോടെ തീ അണയ്‌ക്കുന്ന 22 മൊബൈൽ ടാങ്ക് യൂണിറ്റുകൾ, രാസ ദുരന്തങ്ങളിലും വൈദ്യുത അപകടങ്ങളിലും വാതക ചോർച്ചകളിലും വാഹന അപകടങ്ങളിലും പ്രവർത്തിക്കാൻ ശേഷിയുള്ള മൾട്ടി ഗാസ് ഡിറ്റെക്ടർ, കെമിക്കൽ സ്യൂട്ട്, ഹൈഡ്രോളിക്ക് റെസ്‌ക്യൂ ടൂൾ എന്നിവയോട് കൂടിയ 23 അഡ്വാൻസ് റെസ്‌ക്യൂ ടെൻഡറുകൾ, പ്രകൃതിദുരന്തമുൾപ്പെടെയുള്ള പ്രതികൂലസാഹചര്യത്തിൽ ജീവൻരക്ഷാ ഉപകരണങ്ങളും ബോട്ടുകളും ഉദ്യോഗസ്ഥരെയും സിവിൽ ഡിഫെൻസ് അംഗങ്ങളെയും വിന്യസിക്കാൻ ശേഷിയുള്ള ഒമ്പത് മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, ഡിജിറ്റൽ മൊബൈൽ റേഡിയോ സംവിധാനത്തോടു കൂടിയ ആറ് ക്രൈസിസ് കൺട്രോൾ വാഹനങ്ങൾ, ക്രൈസിസ് മാനേജ്‌മെന്റ് വാഹനം, ആംബുലൻസ് എന്നിവയാണ് സേനയുടെ ഭാഗമായത്.
ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ, ടെക്‌നിക്കൽ ഡയറക്ടർ എം. നൗഷാദ്, ഭരണവിഭാഗം ഡയറക്ടർ അരുൺ അൽഫോൺസ്, റീജിയണൽ ഫയർ ഓഫീസർ പി. ദിലീപൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.