തിരുവനന്തപുരം: പാപ്പനംകോട്ടെ വീട്ടിൽ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഉറപ്പിക്കാതെ പൊലീസ്. വിശ്വംഭരം റോഡിൽ ഗിരിജാകുമാരിയുടെ മരണത്തിലാണ് ദുരൂഹത തുടരുന്നത്. ആത്മഹത്യാശ്രമത്തിനിടെ ഷോക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് സദാശിവൻ നായർ അപകടനില തരണം ചെയ്തെങ്കിലും ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ കഴിഞ്ഞിട്ടില്ലെന്ന് നേമം പൊലീസ് അറിയിച്ചു.
പോസ്റ്റുമോർട്ടത്തിൽ സംശയങ്ങളുള്ളതിനാൽ സദാശിവൻനായരെ ചോദ്യം ചെയ്‌താലേ വ്യക്തത വരൂ. ദമ്പതികൾ ഒരുമിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതോ, അല്ലെങ്കിൽ കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം സദാശിവൻനായർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതോ ആകാമെന്നാണ് പൊലീസിന്റെ നിഗമനം. പുറത്തു നിന്നുള്ളവരുടെ സാന്നിദ്ധ്യം വീട്ടിലുണ്ടായിട്ടില്ല. കവർച്ചയുണ്ടായതിന്റെ തെളിവുമില്ല.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ഗിരിജാകുമാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ പൂട്ടിയനിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഗിരിജാകുമാരിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്.
ടോയ്‌ലറ്റിലാണ് സദാശിവൻനായരെ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷമായി സദാശിവൻ നായരും കിടപ്പുരോഗിയായ ഗിരിജാകുമാരിയും മാത്രമാണ് വീട്ടിൽ താമസം. ഫോർട്ട് അസി. കമ്മിഷണർ ഷാജിയുടെ മേൽനോട്ടത്തിൽ നേമം സി.ഐ രഗീഷിനാണ് അന്വേഷണച്ചുമതല.