
തിരുവനന്തപുരം: സി. പി. ഐ ദേശീയ കൗൺസിൽ അംഗങ്ങൾക്ക് 75 വയസ് പ്രായപരിധി തീരുമാനിച്ച പശ്ചാത്തലത്തിൽ സംസ്ഥാന കൗൺസിലിലും പ്രായപരിധി നടപ്പാക്കുന്നത് നാളെയും മറ്റന്നാളുമായി ചേരുന്ന സംസ്ഥാന നേതൃയോഗങ്ങൾ ചർച്ച ചെയ്യും.
ബ്രാഞ്ച് സെക്രട്ടറിമാർക്ക് 45 വയസും ജില്ലാ സെക്രട്ടറിമാർക്ക് 60 വയസുമാണ് ദേശീയ കൗൺസിൽ നിശ്ചയിച്ച പരിധി. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായിട്ടുണ്ട്. ലോക്കൽ സമ്മേളനങ്ങൾ നടക്കുകയാണ്. സമ്മേളന പുരോഗതി യോഗങ്ങൾ വിലയിരുത്തും. നാളെ സംസ്ഥാന എക്സിക്യൂട്ടീവും ചൊവ്വാഴ്ച സംസ്ഥാന കൗൺസിലുമാണ് ചേരുക.
സംസ്ഥാന കൗൺസിലിൽ 75 വയസ് വ്യവസ്ഥ നടപ്പാക്കിയാൽ മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്‌മായിൽ, സി. ദിവാകരൻ, ടി. ചാമുണ്ണി തുടങ്ങിയവർ പുറത്ത് പോകേണ്ടി വരാം. ഏതെങ്കിലും തരത്തിൽ വ്യവസ്ഥ ഇളവ് നടപ്പാക്കണോ എന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാവും.
മേയ് 31 വരെയാണ് ലോക്കൽ സമ്മേളനങ്ങൾ. ഇതുവരെ സമ്മേളന നടപടികൾ സുഗമമായി നടന്നതായി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നും. ജൂൺ, ജൂലായ് മാസങ്ങളിലാണ് മണ്ഡലം സമ്മേളനങ്ങൾ. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങളും ഒക്ടോബറിൽ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനവും നടക്കും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ എം.എൻ സ്മാരകത്തിലും കൗൺസിൽ യോഗം ചൊവ്വാഴ്ച തമ്പാനൂരിലെ ടി.വി സ്മാരകത്തിലുമാണ് നടക്കുകയെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.