jds

തിരുവനന്തപുരം: ഇടതുമുന്നണി ഘടകകക്ഷികളായ ജനതാദൾ-എസും ലോക് താന്ത്രിക് ജനതാദളും ലയിക്കുന്നത് സംബന്ധിച്ച നിർണായക ചർച്ച 28ന് എറണാകുളത്ത് നടക്കും.

ജനതാദൾ-എസ് സംസ്ഥാന പ്രസിഡന്റ് മാത്യു.ടി.തോമസും എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറും തമ്മിലാകും ചർച്ച. ലയനത്തിൽ അന്തിമധാരണ ഉണ്ടായേക്കും.

എം.പി. വീരേന്ദ്രകുമാറിന്റെ ചരമവാർഷികമായ മേയ് 28നോ അടുത്ത ദിവസമോ ലയനസമ്മേളനം നടത്താനാണ് നീക്കം. ലയനസമ്മേളനം വീരേന്ദ്രകുമാറിന്റെ തട്ടകമായ കോഴിക്കോട്ട് നടത്തണമെന്ന വാദത്തിന് മേൽക്കൈയുണ്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജനതാദൾ-എസിന് തന്നെയായിരിക്കും.

കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ അദ്ധ്യക്ഷപദവികൾ എൽ.ജെ.ഡി ആവശ്യപ്പെട്ടേക്കും. ഏഴ് വീതം ജില്ലാ അദ്ധ്യക്ഷപദവികൾ വീതം വയ്ക്കാനാണ് സാദ്ധ്യത.