sudesh

തിരുവനന്തപുരം:പ്രമുഖ ജുവലറിയിൽ നിന്ന് ഏഴു പവന്റെ നെക്‌ലേസ് 95ശതമാനം ഡിസ്കൗണ്ടിൽ വാങ്ങിയെടുത്തതും ഖത്തറിലെ വ്യവസായിയുടെ ചെലവിൽ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ചൈനയിൽ സുഖവാസം നടത്തിയതും തുടരെത്തുടരെയുള്ള 16 വിദേശയാത്രകളുമാണ് വിജിലൻസ് മേധാവിയായിരുന്ന ഡി.ജി.പി സുധേഷ്‌കുമാറിന്റെ കസേര തെറിപ്പിച്ചത്. ഹൈക്കോടതിയിൽ ഹർജി വന്നതോടെ അഴിമതിക്കുറ്റത്തിന് വിജിലൻസ് കേസെടുക്കേണ്ടി വരുമെന്നായി. തുടർന്നാണ് ആഭ്യന്തരസെക്രട്ടറിയുടെ ശുപാർശപ്രകാരം ജയിൽമേധാവിയുടെ എക്സ്കേഡർ തസ്തികയിലേക്ക് മാറ്റിയത്.

തിരുവനന്തപുരത്തെ ജുവലറിയിൽ നിന്ന് മകൾക്കായി 7പവന്റെ നെക്‌ലേസ് ഡി.ജി.പി തിരഞ്ഞെടുത്തശേഷം ഗൺമാനെക്കൊണ്ട് ഡിസ്കൗണ്ട് ആവശ്യപ്പെട്ടു. 30ശതമാനം പണിക്കൂലിയുള്ള ആഭരണമാണിതെന്നും മൂന്നുലക്ഷത്തോളം സ്വർണവിലയും ഒരുലക്ഷം പണിക്കൂലിയുമാവുമെന്നും പരമാവധി 10% ഡിസ്കൗണ്ട് നൽകാമെന്നും ഉടമയുടെ മകൻ അറിയിച്ചു. രണ്ടുദിവസത്തിനു ശേഷം ഡി.ജി.പി എത്തി ഫുൾ ഡിസ്കൗണ്ടിൽ (സൗജന്യമായി) നൽകണമെന്നാവശ്യപ്പെട്ടു. സ്വർണക്കടത്തിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഡി.ജി.പി അഞ്ചു ശതമാനം പണം നൽകി നെക്‌ലേസുമെടുത്ത് പോയി. 95ശതമാനം ഡിസ്കൗണ്ടിൽ നെക്‌ലേസ് നൽകിയതായി ജീവനക്കാർ ഇൻവോയ്സിൽ രേഖപ്പെടുത്തി. അവിടെ നടന്നതെല്ലാം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് പരാതി കിട്ടിയപ്പോൾ പി.ടി.സി പ്രിൻസിപ്പൽ യോഗേഷ് അഗർവാളിനെക്കൊണ്ട് അന്വേഷിപ്പിച്ചെങ്കിലും ഇങ്ങനെ നടന്നിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. രണ്ടാമതും പരാതി കിട്ടിയപ്പോൾ ആഭ്യന്തരസെക്രട്ടറി അന്വേഷിച്ച് സത്യമാണെന്ന് കണ്ടെത്തി.

സുധേഷ്‌കുമാർ ക്യാമ്പ് ഫോളോവർമാരെ വീട്ടിൽ ദാസ്യപ്പണിക്ക് നിയോഗിച്ചതും, ഡ്രൈവറായ പൊലീസുകാരനെ മകൾ മർദ്ദിച്ചതും നേരത്തേ വിവാദമായിരുന്നു. യു.പി.എസ്.സി പാനലിൽ മുന്നിലായിരുന്ന സുധേഷിനെ തഴഞ്ഞാണ് എ.ഡി.ജി.പിയായിരുന്ന അനിൽകാന്തിന് ഡി.ജി.പി ഗ്രേഡ് നൽകി പൊലീസ് മേധാവിയാക്കിയത്.

പരാതിക്കാരന്റെ

ചെലവിൽ ചൈനയിലേക്ക്

കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ ഖത്തറിലെ വ്യവസായിയുടെ ചെലവിൽ ഭാര്യയും രണ്ട് മക്കളുമൊത്ത് സുധേഷ്‌കുമാർ ചൈനയിൽ പോയയി. കോഴിക്കോട് സ്വദേശിയായ വ്യവസായിയുടെ ഇളയ സഹോദരനും അനുഗമിച്ചിരുന്നു

 വിമാനക്കൂലി, താമസം, നാല് നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാനയാത്ര, ഷോപ്പിംഗ് എന്നിവയ്ക്ക് പണം നൽകിയത് വ്യവസായിയുടെ അക്കൗണ്ടിൽ നിന്നാണ്. ബാങ്ക് സ്റ്റേറ്റ്മെന്റ് സഹിതം സർക്കാരിന് പരാതി കിട്ടിയിട്ടും അന്വേഷണം ഉണ്ടായില്ല

 പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റൽ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയതോടെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുംമുൻപേ കേസെടുക്കണമെന്ന സ്ഥിതിയായി. ചൈനായാത്രയ്ക്ക് അനുമതി നേടിയിരുന്നില്ലെന്നും സൂചനയുണ്ട്

 വ്യവസായിയുടെ സ്പോൺസർഷിപ്പിൽ സുധേഷ് 16 വിദേശയാത്രകൾ നടത്തിയയെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണ്. വ്യവസായിക്കായി വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.