kseb

തിരുവനന്തപുരം: ഇടതുപക്ഷ ഒാഫീസേഴ്സ് അസോസിയേഷൻ സമരത്തിന്റെ ഒന്നാം ഘട്ടം അവസാനിപ്പിക്കുകയും മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തിട്ടും അടങ്ങാതെ കെ.എസ്.ഇ.ബി.യിലെ സമരവിവാദം.

സമരത്തിനിടെ ബോർഡ് റൂമിലേക്ക് അതിക്രമിച്ച് കയറിയ ഇരുപത് അസോസിയേഷൻ നേതാക്കൾക്കെതിരെ മാനേജ്മെന്റ് നടപടിയാരംഭിച്ചു. നാളെമുതൽ എല്ലാവർക്കും നോട്ടീസ് കൊടുക്കും. സി.സി.ടി.വി ഫുട്ടേജ് നോക്കിയാണ് നേതാക്കളെ തിരിച്ചറിഞ്ഞത്. നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ രണ്ടാഴ്ചക്കുളളിൽ അറിയിക്കാനും ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇതിലുൾപ്പെട്ട കോട്ടയം പാല സർക്കിളിലെ എക്സിക്യൂട്ടീവ് എൻജിനീയർ കുര്യൻ സെബാസ്റ്റ്യൻ മാർച്ച് 31ന് വിരമിച്ചിരുന്നു.ഇദ്ദേഹത്തിന്റെ പെൻഷൻ തടയുമെന്നും നോട്ടീസിലുണ്ട്.

ബോർഡ് റൂമിൽ അതിക്രമിച്ച് കയറി ചെയർമാന്റെ യോഗം തടസ്സപ്പെടുത്തുകയും വകുപ്പ് മേധാവികളും ഡയറക്ടർമാരും സംസാരിക്കുമ്പോൾ മുദ്രാവാക്യം വിളിച്ചും ബഹളമുണ്ടാക്കിയും അവഹേളിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇരുപത് പേരെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ,ജനറൽ സെക്രട്ടറി ബി.ഹരികുമാർ എന്നിവരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ പിന്നീട് പിൻവലിച്ചെങ്കിലും ഇരുവരെയും പെരിന്തൽമണ്ണയിലേക്കും പാലക്കാട്ടേക്കും സ്ഥലം മാറ്റി. ഹരികുമാറിന്റെ പ്രൊമോഷൻ തടയുകയും ചെയ്തു. ഇവർ പുതിയ സ്ഥലത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. പഴയ ലാവണം തന്നെ നൽകണമെന്ന വാശിയിലാണ്. സുരേഷ് കുമാർ ഇക്കാര്യം ചർച്ചയിൽ ഉന്നയിച്ചെങ്കിലും മന്ത്രി കെ.കൃഷ്ണൻകുട്ടി ഉറപ്പൊന്നും നൽകിയില്ല. തെറ്റ് ചെയ്താൽ ശിക്ഷ ഉറപ്പാക്കണമെന്നും കെ.എസ്.ഇ.ബി.കമ്പനിയായതിനാൽ സർക്കാരിന് ഉത്തരവ് നൽകാനാവില്ലെന്നും നിയമവും ചട്ടവും കീഴ്വഴക്കവും നോക്കി ചെയർമാൻ നടപടിയെടുക്കുമെന്നും മാത്രമാണ് മന്ത്രി അറിയിച്ചത്.

പുതിയ സ്ഥലത്ത് ജോയിൻ ചെയ്യാൻ രണ്ടാഴ്ചയാണ് ഇരുവർക്കും നൽകിയത്. ഒരാഴ്ച പിന്നിട്ടു. ഇനിയും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അനധികൃത അവധിയായി വേതനം നഷ്ടപ്പെടും. അത് മറ്റൊരു കലഹത്തിന് കാരണമാകുമെന്നാണ് മറ്റ് ജീവനക്കാരുടെ ആശങ്ക. ഇരുവരും മാനേജ്മെന്റിന്റെ നോട്ടീസിന് മറുപടി നൽകാൻ ഒരുമാസം തേടിയെങ്കിലും അനുവദിച്ചിട്ടില്ല.ഏപ്രിൽ 30നകം നൽകിയില്ലെങ്കിൽ അടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് മാനേജ്മെന്റിന്റെ മുന്നറിയിപ്പ്.

ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന് അസോസിയേഷൻ നേതാവ് ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തത് ചോദ്യം ചെയ്താണ് കെ.എസ്.ഇ.ബി.യിൽ സമരം തുടങ്ങിയത്. സസ്പെൻഷനെതിരെ ബാനു ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിർദ്ദേശപ്രകാരം അവരെ തിരിച്ചെടുത്ത് സ്ഥലം മാറ്റുകയും ചെയ്തു.