
തിരുവനന്തപുരം: കണ്ണൂരിനു പിന്നാലെ കേരള സർവകലാശാലയിലും പഴയ ചോദ്യപേപ്പർ ഉപയോഗിച്ച് നടത്തിയ പരീക്ഷ റദ്ദാക്കി. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ അതേപടി ഉപയോഗിക്കുകയായിരുന്നു.
കണ്ണൂർ സർവകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മുൻ വർഷത്തെ ചോദ്യങ്ങൾ തന്നെയാണ് ഈ വർഷവും നൽകിയത്. കേരള സർവകലാശാല ബി.എ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയുടെ ഏപ്രിൽ ആറിന് നടത്തിയ പരീക്ഷയും ഇതേ കാരണത്താൽ റദ്ദാക്കി.
മുൻവർഷത്തെ ചോദ്യപേപ്പർ പകർത്തിയെഴുതിയ ചോദ്യകർത്താവും, അത് പരിശോധിച്ച ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും ഗുരുതരമായ വീഴ്ചവരുത്തിയതാണ് വിദ്യാർത്ഥികൾക്ക് മാനസികസംഘർഷത്തിനും സർവകലാശാലയ്ക്ക് അധികച്ചെലവിനും ഇടയാക്കുന്നത്.
ചോദ്യകർത്താക്കളേയും ബോർഡ് അംഗങ്ങളെയും പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡീബാർ ചെയ്യണമെന്നും ഇവരുടെ സ്ഥാനക്കയറ്രം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
പഴയ ചോദ്യപേപ്പർ വീണ്ടും ---
പിഴവ് ഏറ്റുപറഞ്ഞ്
പരീക്ഷാ കൺട്രോളർ
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ റദ്ദാക്കിയ പരീക്ഷകൾ ഉടൻ
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ നടത്തിപ്പിൽ സർവ്വകലാശാലയ്ക്ക് ഗുരുതര പിഴവ് പറ്റിയെന്ന് ഏറ്റുപറഞ്ഞ് പരീക്ഷാ കൺട്രോളർ പി.ജെ. വിൻസെന്റ്. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത പരീക്ഷാ കൺട്രോളർ, ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകർ പഴയ ചോദ്യപേപ്പർ വർഷം മാത്രം മാറ്റി നൽകുകയായിരുന്നെന്നും വിശദീകരിച്ചു. റദ്ദാക്കിയ പരീക്ഷകൾ ഉടൻ നടത്തും.
അദ്ധ്യാപകരോട് വിശദീകരണം തേടി. ഇതു ലഭിക്കുന്ന മുറയ്ക്ക് വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകും. കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകും. കരിമ്പട്ടികയിലും പെടുത്തും. കൊവിഡ് സാഹചര്യമായതിനാൽ കേന്ദ്രീകൃത സൂക്ഷ്മ പരിശോധന നടത്താനായില്ല. അതിനാലാണ് തെറ്റ് പറ്റിയത്.
മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷയുടെ രണ്ട് ദിവസത്തെ പേപ്പറുകളും 2020ലേതു തന്നെയായിരുന്നു. ചോദ്യപേപ്പറിലെ വർഷം മാത്രമാണ് മാറ്റിയത്. 21ന് നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും 2020ലെ ചോദ്യപേപ്പറിൽ നിന്നുള്ളതായിരുന്നു.
സെനറ്റംഗം ഡോ.ആർ.കെ.ബിജു പരാതിയുമായി വൈസ് ചാൻസലറെ സമീപിച്ചപ്പോഴാണ് അബദ്ധം മനസിലായത്. ഉടൻ പരീക്ഷ റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിട്ടു. തിങ്കളാഴ്ച നടക്കേണ്ട മൂന്നാം സെമസ്റ്റർ ബിരുദം ഫിലോസഫി പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തു.
ഇതിന് പുറമെ ബി.എ മൂന്നാം സെമസ്റ്റർ മലയാളം മെയിൻ ചോദ്യപേപ്പറിൽ തെറ്റുകൾ കടന്നുകൂടിയതായും പരാതിയുയർന്നിട്ടുണ്ട്. വ്യാപക അക്ഷരത്തെറ്റുകളുമുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകർക്കെതിരെ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന് രണ്ടംഗ സമിതി
ചോദ്യപേപ്പർ ആവർത്തനം അന്വേഷിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു. സർവകലാശാല ഫിനാൻസ് ഓഫിസർ പി. ശിവപ്പു, സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ്കുമാർ എന്നിവരാണ് അംഗങ്ങൾ. 26നകം റിപോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.