kovalam

കോവളം: അവധിക്കാലം ആഘോഷിക്കാനും ഓണക്കാലം അടുക്കുന്നതിനാലും വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് ടൂറിസം വകുപ്പ് കൂടുതൽ അടിസ്ഥാന ക്രമീകരണങ്ങൾ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി 24 ലക്ഷത്തോളം രൂപ ചെലവിട്ട് ടൂറിസം വകുപ്പ് ഇടറോഡുകളിൽ ഉൾപ്പെടെ സ്ഥാപിച്ച 75 പുതിയ എൽ.ഇ.ഡി ലൈ​റ്റുകൾ തീരത്ത് പ്രകാശിച്ചു തുടങ്ങി.

കൊവിഡിൽ തളർന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് പ്രത്യേക കാമ്പെയിനുകളും ആരംഭിച്ചിട്ടുണ്ട്. നീണ്ട രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ഇത്തരം കാമ്പെയിനുകളുടെ ലക്ഷ്യം.
കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് സ്ഥാപിച്ച 55 ഓളം സോളാർ വിളക്കുകളിൽ പലതും പ്രവർത്തനരഹിതമായത് പരാതിക്കിടയാക്കിയിരുന്നു. ഇതിന് ബദലായാണ് സൗരോർജ്ജവും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്റിഡ് വിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി വരുന്നത്. സുരക്ഷയ്ക്കായി ഗ്രോവ് ബീച്ചിൽ 1 പൊലീസ് എയ്ഡ് പോസ്​റ്റും ,തുരുമ്പ് പിടിച്ച പലതും മാ​റ്റി 50 ഓളം പുതിയ സൈൻ ബോർഡുകളും ഇപ്പാേൾ സ്ഥാപിച്ചു കഴിഞ്ഞു.

ഉടൻ കോവളം ജംഗ്ഷൻ മുതൽ പാലസ് റോഡ് വരെയുള്ള കൈവരികൾ മാ​റ്റി സ്ഥാപിക്കാനും സഞ്ചാരികളുടെ സുരക്ഷ മുൻനിറുത്തി കോവളത്തെ 'സൂയിസൈഡ് പോയിന്റി'ൽ ആറടി ഉയരമുള്ള മുള്ള് വേലി സ്ഥാപിക്കാനും പദ്ധതിയുണ്ട്‌.

സുരക്ഷ ശക്തമാക്കുന്നു

കൊവിഡ് ഭീതി കുറഞ്ഞതിനാൽ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ കോവളത്തെത്തുന്നുണ്ട്. അതിനാൽത്തന്നെ മോഷണമുൾപ്പെടെ, ടൂറിസ്​റ്റുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാനും സാദ്ധ്യതയേറെയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കോവളം ടൂറിസ്​റ്റ് മേഖലയിൽ സുരക്ഷ ശക്തമാക്കുന്നത്.

കാമറകളും സ്ഥാപിക്കും

കൂടാതെ പുത്തൻ എ.എൻ.പി.ആർ കാമറകൾ കോവളം ടൂറിസ്​റ്റ് മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നതിനും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിവിധ സ്ഥലങ്ങളിൽ 10 എ.എൻ.പി.ആർ (ഓട്ടോമാ​റ്റിക് നമ്പർ പ്ലേ​റ്റ് റെക്കഗ്നിഷൻ) കാമറകൾ സ്ഥാപിക്കാനും ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാഷണൽ ഹൈ അതോറിട്ടിയുടെ അനുമതി ലഭിക്കാനുണ്ട്.കു​റ്റവാളികളുടെ വാഹന നമ്പർ ട്രാക്ക് ചെയ്യാനാണ് എ.എൻ.പി.ആർ കാമറകൾ സ്ഥാപിക്കുന്നത്. നിലവിൽ കോവളം തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 63 സി.സി.ടിവി കാമറകളാണ് ഇപ്പോഴുള്ളത്.