ksrtc

തിരുവനന്തപുരം: ശമ്പള കാര്യത്തിൽ കെ.എസ്.ആർ.ടി.സിയിലെ അനിശ്ചിതത്വം ഉടനയൊന്നും തീരില്ല. ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് ഇന്നലെ ഗതാഗത മന്ത്രി ആന്റണി രാജു ആവർത്തിച്ചതിനു പിന്നാലെ സർക്കാരിന്റെ കൂട്ടായ തീരുമാനമാണിതെന്നും ഗതാഗത മന്ത്രി പറഞ്ഞതിനപ്പുറം തനിക്ക് പറയാനില്ലെന്നും ധനമന്ത്രിയും വ്യക്തമാക്കി. ഇതോടെ സ്വന്തം നിലയ്ക്ക് വരുമാനം കൂട്ടിയില്ലെങ്കിൽ തൊഴിലാളികൾ വലയുമെന്നുറപ്പായി.

വെള്ളിയാഴ്ച യൂണിയനുകളുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചയിൽ ശമ്പളം അഞ്ചാം തീയതിക്കുള്ളിൽ നൽകണമെന്ന് പ്രതിനിധികൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഗതാഗത മന്ത്രിയുമായി ആലോചിച്ച് മറുപടി പറയാമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. 25ന് ചർച്ച നിശ്ചയിച്ചിരിക്കയാണ്. അതിനിടെയാണ് മന്ത്രിമാരുടെ പ്രതികരണം.
സർക്കാർ ധനസഹായമില്ലാതെ വൈകിപ്പോലും ശമ്പളം നൽകാനാവില്ല. മാർച്ചിലെ ശമ്പളത്തിന് 30 കോടി ധനവകുപ്പ് അനുവദിച്ചിട്ടും വായ്പയെടുത്ത് ഏപ്രിൽ 18നാണ് ശമ്പളം നൽകിയത്. അടുത്ത മാസത്തെ ശമ്പള കാര്യത്തിൽ സർക്കാർ കൈമലർത്തിയതോടെ മാനേജ്‌മെന്റും വെട്ടിലായി.

മേയ് അഞ്ചിനകം ശമ്പളം നൽകിയില്ലെങ്കിൽ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പണിമുടക്കാനാണ് യൂണിയനുകളുടെ തീരുമാനം.

ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റാണെന്നും എല്ലാ ചെലവും വഹിക്കാൻ സർക്കാരിനാകില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സർക്കാരിന്റെ സഹായം തുടരും. മുഴുവൻ ചെവലും ഏറ്റെടുക്കാനാകില്ല. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും മന്ത്രി പറഞ്ഞു.

മേയ് അഞ്ചിന് ശമ്പളം നൽകിയില്ലെങ്കിൽ ആറ് മുതൽ പണിമുടക്കുമെന്നറിയിച്ച് ടി.ഡി.എഫ് നോട്ടീസ് നൽകിയിരുന്നു. ബി.എം.എസ് 28ന് പണിമുടക്ക് നോട്ടീസ് നൽകിയെങ്കിലും മാർച്ചിലെ ശമ്പളം നൽകിയ സാഹചര്യത്തിൽ നോട്ടീസ് പിൻവലിച്ച് മേയ് ആറിലേക്ക് മാറ്റി നൽകി. തീയതി പ്രഖ്യാപിച്ചിട്ടും ശമ്പളം നൽകിയില്ലെങ്കിൽ പണിമുടക്കാനാണ് സി.ഐ.ടി.യു തീരുമാനം.