
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് വനിതാ ഹെൽപ് ലൈൻ സെല്ലിനെ അധികൃതർ മൂലയിലൊതുക്കിയതായി പരാതി. സെല്ലിനെ നെയ്യാറ്റിൻകര പൊലീസ് സമുച്ചയത്തിന് സമീപം അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഒറ്റമുറിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം ശക്തമാണ്.
റവന്യു വകുപ്പിന്റെ പഴയ താലൂക്ക് ഓഫീസ് വക കെട്ടിടത്തിലാണ് നെയ്യാറ്റിൻകരയിൽ നിലവിൽ വനിതാസെൽ, ട്രാഫിക് പൊലീസ് സ്റ്റേഷനടക്കം പ്രവർത്തിച്ചിരുന്നത്. പോക്സോ കോടതിയുടെ പ്രവർത്തനത്തിനായാണ് കെട്ടിടം തത്കാലത്തേക്ക് ഒഴിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
10 വർഷം മുമ്പ് നെയ്യാറ്റിൻകരയിൽ താലൂക്ക് ഓഫീസിനും പഴയ പൊലീസ് സ്റ്റേഷനും സമീപമാണ് ജില്ലാ വനിതാസെല്ലിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഒരു വനിതാ എസ്.ഐയും 5ഓളം ഡബ്ല്യു.സി.പി.ഒമാരുമായി സൗകര്യങ്ങളോടെ പ്രവർത്തിച്ചുവന്ന കെട്ടിടത്തിൽ നിന്നാണ് പൊലീസ് കോംപ്ലക്സ് വളപ്പിലെ ഒറ്റമുറിയിലേക്ക് സെൽ മാറ്റിയത്. സ്ത്രീകളെയും കുട്ടികളെയും സംബന്ധമായ പരാതികളും കുടുംബ പ്രശ്നങ്ങളും കൗൺസലിംഗുമാണ് സെൽ വഴി കൈകാര്യം ചെയ്തിരുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ വനിതാസെല്ലിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ആകെയുള്ളത് ഒരു ഡബ്ല്യു.സി.പി.ഒ മാത്രം. സെല്ലിനെ നിലനിറുത്താൻ വേണ്ടിമാത്രമാണ് വനിതാ എസ്.ഐയെയും മറ്റ് ജീവനക്കാരേയും ഒഴിവാക്കി പേരിന് ഒരു ഉദ്യോഗസ്ഥയെമാത്രം നിലനിറുത്തി ഇത്തരത്തിലൊരു തട്ടിക്കൂട്ടലെന്നാണ് ആരോപണം. സെൽ തുടങ്ങിയ സമീപത്തുണ്ടായിരുന്ന ഡബ്ല്യു.സി.പി.ഒമാരെ മറ്റ് സ്ഥലങ്ങളിലേക്കും മാറ്റിയിരുന്നു.
ഒരാൾക്ക് മാത്രം ഞെരുങ്ങിയിരിക്കാൻ പാകത്തിലുളളതാണ് ഇപ്പോഴത്തെ കെട്ടിടം. പ്രധാന റോഡിൽ നിന്ന് ഇപ്പോഴത്തെ കെട്ടിടം കുറച്ച് ഉളളിലേയ്ക്കായതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും എത്തപ്പെടുന്നതിനുള്ള അസൗകര്യവുമുണ്ട്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മാർക്ക് മുലയൂട്ടുന്നതിനോ പ്രാഥമികാവശ്യം നിറവേറ്റുന്നതിനോ സൗകര്യം ഇവിടെയില്ല. പരാതിയുമായെത്തുന്നവരെ കൗൺസലിംഗിനടക്കമുള്ള നടപടികൾക്കായി ഇരുത്തി ചർച്ച ചെയ്യുന്നതിനടക്കം സൗകര്യമില്ലാത്തിടത്താണ് സെല്ലിന്റെ ഇപ്പോഴത്തെ പ്രവർത്തനമെന്നാണ് പരാതി.
മുമ്പ് സെൽ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്ത്രീകൾക്ക് സ്വകാര്യതയോടെയും ഭയരഹിതമായും എത്തിച്ചേരാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ സെൽ സ്ഥിതി ചെയ്യുന്ന സ്ഥലം പൊലീസ് സമുച്ചയത്തിന് സമീപമായതിനാൽ സ്ത്രീകൾ പരാതിയുമായെത്താൻ മടിക്കുമെന്നാണ് പൊതുവിലുള്ള അഭിപ്രായം. മുമ്പുണ്ടായിരുന്ന തസ്തികകളെല്ലാം നിലനിറുത്തി സെൽ പഴയപടി പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.