തിരുവനന്തപുരം: ഊണിലും ഉറക്കത്തിലും വകുപ്പിന്റെ കാര്യങ്ങൾ മാത്രം ചിന്തിക്കുന്ന മന്ത്രിയാണ് വി. ശിവൻകുട്ടിയെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. സ്വാതി തിരുനാൾ സംഗീത കോളേജിൽ ഡോക്ടറേറ്റ് ബിരുദം നേടിയ പി. ധന്യയെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയായിരുന്നു പരാമർശം. തങ്ങൾ കണ്ടുമുട്ടുമ്പോൾ ഒക്കെ മന്ത്രി സംസാരിക്കാറുള്ളത് വകുപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ചും വകുപ്പിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ കുറിച്ചുമാണ്. ഒരു വർഷം കൊണ്ട് വകുപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ മന്ത്രി എന്ന നിലയിൽ വി. ശിവൻകുട്ടിക്ക് കഴിഞ്ഞെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു. കലാ സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരമൊരുക്കാനുള്ള കാര്യങ്ങൾ കരിക്കുലം കമ്മിറ്റി പരിശോധിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ, പ്രഭാവർമ, ഓമനക്കുട്ടി ടീച്ചർ, ഗായിക അരുന്ധതി തുടങ്ങിയവർ പങ്കെടുത്തു.