
തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷബീറിന് സ്ഥലം മാറ്റം. എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.
സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. സമരക്കാരനെ ചവിട്ടിയത് ശരിയായില്ലെന്നും ചവിട്ടേണ്ട സാഹചര്യമില്ലായിരുന്നെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, പൊലീസ് അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്നും സമരക്കാർക്കെതിരായ പ്രതിരോധം മാത്രമാണ് ഉണ്ടായതെന്നുമാണ് റിപ്പോർട്ടിന്റെ ഉളളടക്കം. ഡ്യൂട്ടിയ്ക്കിടയിലും അല്ലാത്തപ്പോഴും ഷബീർ പ്രശ്നക്കാരനായിരുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങളും പുറത്തുവന്നു.
2011സെപ്തംബർ 25ന് കേബിൾ മാസവരി പിരിക്കാനെത്തിയ വൃദ്ധനെ കൈയേറ്റം ചെയ്യുകയും സ്കൂട്ടർ നശിപ്പിക്കുകയും ചെയ്തതിന് തുമ്പ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഷബീർ പ്രതിയായിരുന്നു. രമേശൻ എന്നയാളെ സുഹൃത്തുക്കളുമായി ചേർന്ന് ദേഹോപദ്രവം ഏൽപിച്ച മറ്റൊരു കേസിൽ ശ്രീകാര്യത്തും പ്രതിയായി. 2019 ജൂൺ 7ന് രാത്രി അപകടകരമായ രീതിയിൽ കാർ ഓടിച്ച ഷബീറിനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഷബീർ അസി. കമ്മിഷണറുടെ യൂണിഫോമിൽ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തരുന്നു. ഇതിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. മെഡിക്കൽ കോളജ് സ്റ്റേഷനിൽ അഭിഭാഷകനെ മർദ്ദിച്ചതാണ് ഷബീറിനെതിരായ മറ്റൊരുകേസ്. ഇങ്ങനെ നാലുതവണ സസ്പെൻഷനിലായ ഷബീർ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ടും ഒന്നര വർഷത്തോളം സസ്പെൻഷനിലായിരുന്നു.