
ഹരിപ്പാട്: ഹരിപ്പാട് നഗരസഭയും ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനയിൽ 300 കിലോയോളം പഴകിയതും ഫോർമാലിൻ കലർന്നതുമായ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാവിലെ നാലുമണിയോടെ ദേശീയ പാതയിൽ ആർ.കെ ജംഗ്ഷനു സമീപം നിർത്തിയിട്ടിരുന്ന ഇൻസുലേറ്റഡ് വാഹനത്തിൽ നിന്നുമാണ് മത്സ്യങ്ങൾ പിടികൂടിയത്. കിളിമീൻ, ചെമ്മീൻ, പരവ തുടങ്ങിയ മീനുകൾ ഉപയോഗിക്കാൻ കഴിയാത്ത വിധം അഴുകിയ നിലയിലായിരുന്നു.
ഇതിൽ ഫിഷ് ടെസ്റ്റ് കിറ്റിലൂടെ കിളിമീനിൽ നടത്തിയ പരിശോധനയിൽ ഫോർമാലിന്റെ സാന്നിദ്ധ്യം ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷ ഓഫീസർ രാഹുൽരാജ്.വി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഹരിപ്പാട്ടെ വിവിധ ഇടങ്ങളിൽ നിന്ന് മത്സ്യം പിടിച്ചെടുത്ത് പിഴ ഈടാക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ രഘുനാഥക്കുറുപ്പ്, ഹരിപ്പാട് ഭക്ഷ്യ സുരക്ഷാ ഓഫീസർ രാഹുൽ രാജ്. വി, മാവേലിക്കര ഭക്ഷ്യ സുരക്ഷാ ഓഫീസർആദർശ് വിജയ്, ഫിഷറീസ് ഇൻസ്പെക്ടർ വേണു, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ തോമസ്, നഗരസഭാ ജീവനക്കാരനായ വിജയകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.