jj

 15 ലക്ഷം രൂപയുടെ നഷ്ടം  കട പൂർണമായും കത്തിനശിച്ചു

വർക്കല: തീപിടിത്തത്തിൽ പാപനാശം ഹെലിപ്പാഡിന് സമീപത്തെ കരകൗശല വില്പനശാല പൂർണമായും നശിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. കർണാടക സ്വദേശിയായ വിധ്ൽ 19വർഷമായി നടത്തിവന്നിരുന്ന ' ബാലാജി ഹാൻഡിക്രാഫ്ട്സ് ' എന്ന കടയിലാണ് അപകടമുണ്ടായത്.

പുലർച്ചെ ഹെലിപ്പാഡിലൂടെ നടന്നുപോയ നാട്ടുകാരിൽ ചിലരാണ് തീപിടിക്കുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി തീകെടുത്തിയതിനാൽ സമീപത്തെ മറ്റ് കടകളിലേക്കും റിസോർട്ടുകളിലേക്കും തീ ആളിപ്പടരാതെ വലിയൊരു ദുരന്തം ഒഴിവായി. വർക്കല ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയെങ്കിലും സംഭവം നടന്ന സ്ഥലത്തേക്ക് വാഹനം കടന്നുചെല്ലാൻ കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ ഫ്ലോട്ട് പമ്പ് സ്ഥാപിച്ച ശേഷം ഹോസ് ഘടിപ്പിച്ച് വെള്ളം പമ്പ് ചെയ്യുകയായിരുന്നു. ഏറെ നേരത്തെ ശ്രമഫലത്തിനൊടുവിലാണ് തീ പൂർണമായും കെടുത്തിയത്. വെള്ളമെത്തിക്കുന്നതിനായി ഏഴോളം ഹോസുകളും ഘടിപ്പിച്ചിരുന്നു.

ഹെലിപ്പാഡിൽ നിന്ന് സംഭവം നടന്ന സ്ഥലത്തേക്ക് ചെറിയ നടപ്പാത മാത്രമാണുള്ളത്. ഇവിടേക്ക് വലിയ വാഹനങ്ങൾക്കെത്താൻ കഴിയില്ല. വിധ്ൽ ലീസിനെടുത്താണ് കട നടത്തി വന്നിരുന്നത്. കടയിലുണ്ടായിരുന്ന കരകൗശല വസ്‌തുക്കൾക്കുപുറമേ തുണിത്തരങ്ങൾ, തുകൽ ഉത്പന്നങ്ങൾ, മേശ, ഷെൽഫുകൾ, ഫാനുകൾ എന്നിവയും കത്തിനശിച്ചു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു.

ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. വർക്കല ഫയർസ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർമാന്മാരായ ശ്യാംലാൽ, ശംഭു, വിപിൻ രാജ്, സുഭാഷ്, വിനോദ് കുമാർ, റെജി ജോസ്, അൻജിത്ത്, റെജികുമാർ എന്നിവരടങ്ങിയ സംഘമാണ് തീ കെടുത്തിയത്.

പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പാപനാശം മേഖലയിൽ തീപിടിത്തമുണ്ടാകുന്ന അവസരങ്ങളിൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാൻ കഴിയാത്തതാണ് പ്രധാന വെല്ലുവിളിയാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ പ്രദേശത്ത് ഫയർഹൈഡ്രന്റ് സംവിധാനം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.