premveed

മുടപുരം: അനശ്വരനടൻ പ്രേംനസീറിന്റെ വീട് വിൽക്കാനുള്ള കുടുംബാംഗങ്ങളുടെ തീരുമാനം പുറത്തുവന്നതോടെ വീട് ചരിത്രസ്മാരകമാക്കണമെന്നാവശ്യം ശക്തമാകുന്നു. പ്രേംനസീറിന്റെ ലൈലാ കോട്ടേജ് നിലനിറുത്താൻ കൂട്ടായ്മ രൂപീകരിക്കാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.

സിനിമാ തിരക്കുകൾക്കിടയിൽ സമയം കിട്ടുമ്പോഴെല്ലാം നസീർ ഇവിടെ താമസിക്കാനെത്തിയിരുന്നു. ചലച്ചിത്ര, രാഷ്ട്രീയരംഗത്തെ പ്രമുഖരെല്ലാം അപ്പോൾ ഇവിടെ അതിഥികളായെത്തിയിരുന്നു. ഇത്തരത്തിൽ നിരവധി പ്രശസ്തരുടെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ഭവനം മ്യൂസിയമാക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ നടന്നില്ല. അതിനിടെ ചിറയിൻകീഴിൽ അദ്ദേഹത്തിന് സ്മാരകം നിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. പ്രിയപ്പെട്ട നടന്റെ താമസസ്ഥലം നിലനിറുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ വ്യക്തികളും സംഘടനകളും ശ്രമമാരംഭിച്ചു കഴിഞ്ഞു. കോരാണി-ചിറയിൻകീഴ് റോഡിൽ പ്രേംനസീറിന്റെ നാമധേയത്വത്തിലുള്ള കൂന്തള്ളൂർ ഗവണ്മെന്റ് ഹൈസ്കൂളിന് സമീപമാണ് പ്രേംനസീറിന്റെ വീട്. ഏതാനും മീറ്റർ അകലെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന കാട്ടുമുറക്കൽ പള്ളി. ഈവീട് കാണാൻ നിരവധി പേർ എത്തുന്നുണ്ട്. താലൂക്കിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ജനപ്രതിനിധികളുടെ കൂട്ടായ്മയിലൂടെ ബാക്കി തുക സമാഹരിക്കുകയും ചെയ്താൽ പ്രേംനസീറിന്റെ ഭവനം ചരിത്ര സ്മാരകമായി നിലനിറുത്താൻ കഴിയുമെന്ന് കവിയും സാംസ്‌കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം പറയുന്നു.