ss

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായി ഹിന്ദി സംവിധായകൻ സയ്യിദ് അഖ്തർ മിഴ്സ എത്തും. ഏപ്രിൽ 28ന് സ്‌ക്രീനിംഗ് ആരംഭിക്കും.

എഴുപതുകൾ മുതൽ ഇന്ത്യൻ സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായ സയ്യിദ് മിഴ്സ മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
സംവിധായകനും നിരൂപകനുമായ കെ.ഗോപിനാഥൻ, സംവിധായകൻ സുന്ദർദാസ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. ദൂരദർശൻ മുൻ ഡെപ്യൂട്ടി ഡയറക്ടറും ഡോക്യുമെന്ററി സംവിധായകനുമായ ബൈജു ചന്ദ്രൻ, എഴുത്തുകാരും തിരക്കഥാകൃത്തുക്കളുമായ വി.ആർ.സുധീഷ്, സുസ്‌മേഷ് ചന്ത്രോത്ത്, സൗണ്ട് ഡിസൈനർ ജിസി മൈക്കിൾ, സംവിധായികയും തിരക്കഥാകൃത്തുമായ സംഗീത പത്മനാഭൻ, ഛായാഗ്രാഹകൻ വേണുഗോപാൽ എന്നിവരാണ് പ്രാഥമിക സമിതിയിലെ മറ്റ് അംഗങ്ങൾ.
സയ്യിദ് മിർസ, സുന്ദർദാസ്, കെ.ഗോപിനാഥൻ എന്നിവർക്കു പുറമെ അന്തിമ സമിതിയിൽ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് ത്രിവേണി, ഗായിക ബോംബെ ജയശ്രീ, ഛായാഗ്രാഹകയും സംവിധായികയുമായ ഫൗസിയ ഫാത്തിമ, സൗണ്ട് ഡിസൈനർ ഹരീന്ദ്രനാഥ് ദ്വാരക് വാര്യർ എന്നിവരും അംഗങ്ങളായിരിക്കും.
ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് രണ്ട് സമിതികളിലും മെമ്പർ സെക്രട്ടറിയായിരിക്കും. പ്രാഥമികജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണ്.
ചലച്ചിത്രനിരൂപകൻ വി.കെ ജോസഫ് ആണ് രചനാവിഭാഗം ജൂറി ചെയർമാൻ. മാദ്ധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ മനില സി.മോഹൻ, ചലച്ചിത്രനിരൂപകനും തിരക്കഥാകൃത്തുമായ ഡോ.അജു കെ.നാരായണൻ, സി.അജോയ് (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.
142 സിനിമകളാണ് അവാർഡിന് സമർപ്പിച്ചിട്ടുള്ളത്. ഏഴെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്.