
തിരുവനന്തപുരം: ഇ- ഹെൽത്ത് സംവിധാനം വ്യാപിപ്പിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ 402 സർക്കാർ ആശുപത്രികളിൽ ഓൺലൈൻ ഒ.പി സൗകര്യം നിലവിൽ വന്നെന്നും 150 ആശുപത്രികളിൽ കൂടി ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പാക്കും. 2022-23ൽ 200 ആശുപത്രികളിൽ കൂടി നടപ്പാക്കും. ഇതിലൂടെ പ്രതിദിനം ഒരു ലക്ഷം പേർക്ക് സേവനം നൽകാനാണ് ലക്ഷ്യമിടുന്നത്.
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 176 ആശുപത്രികളിലാണ് സേവനം ഏർപ്പെടുത്തിയത്. 70,000 കൺസൾട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇതിലൂടെ നടത്തുന്നത്. 50 ലക്ഷം ജനങ്ങളുടെ ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണയത്തിനായി ശൈലീ ആപ്പ് ആരോഗ്യവകുപ്പ് ഉടൻ സജ്ജമാക്കും.