കൊല്ലം: കാണികൾ നിറഞ്ഞ വേദിയിൽ മോണോ ആക്ടിൽ താരമായത് സിനിമാതാരം കൂടിയായ ബി.എം. സ്വരാജ്. മലയാളികളുടെ പോസിറ്റീവും നെഗറ്റീവുമായ അഡിക്ഷനുകളെ അവതരിപ്പിച്ചാണ് സ്വരാജ് ഒന്നാം സ്ഥാനം നേടിയത്.
യൂണിവേഴ്സിറ്റി കോളേജിലെ പൂർവവിദ്യാർത്ഥിയായ ശ്യാം റെജിയാണ് സ്വരാജിന് വേണ്ടി സ‌്ക്രിപ്ട് തയ്യാറാക്കിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ സ്വരാജ് മമ്മൂട്ടി നായകനായ പുത്തൻപണം എന്ന സിനിമയിൽ മുത്തുവേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമയിൽ അരങ്ങേറിയത്. ബിരുദ പഠനത്തിന് ശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനും സ്വരാജിന് ലക്ഷ്യമുണ്ട്.
ആറ്റിങ്ങൽ നാവായിക്കുളം വെട്ടിയറ വൈഖരിയിൽ ചാത്തന്നൂർ ഗവ. എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി മലയാളം അദ്ധ്യാപകനും നാടകപ്രവർത്തകനുമായ ബൈജു ഗ്രാമികയുടെയും മലപ്പുറം കോക്കൂർ ഗവ. എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗം മലയാളം അദ്ധ്യാപിക മായകുമാരിയുടെയും മൂത്ത മകനാണ് സ്വരാജ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭഗത് ആണ് സഹോദരൻ.
..............................
നാവായിക്കുളം വെട്ടിയറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാമിക നാടക പഠനഗവേഷണ സംഘത്തിലെ നാടകങ്ങളിലൂടെയാണ് സ്വരാജ് അഭിനയരംഗത്തെത്തിയത്. സുരേഷ് ബാബു ശ്രീസ്ഥ രചനയും വക്കം സുനിൽ സംവിധാനവും നിർവഹിച്ച പഥേർ പാഞ്ജാലി എന്ന നാടകത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. തുടർന്ന് ഏഴ് നാടകങ്ങളിലായി 150ൽ പരം വേദികളിൽ വേഷമിട്ടു.