accident

തിരുവനന്തപുരം: അപകടങ്ങളിൽപ്പെട്ട് ഗുരുതരാവസ്ഥയിലായവരെ ആശുപത്രിയിൽ എത്തിക്കുന്നവരെ ആദരിക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കാഷ് അവാർഡിന് അർഹരായവരെ കണ്ടെത്താൻ സംസ്ഥാന പൊലീസ് മേധാവി മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു. റോഡപകടങ്ങളിൽ ജീവഹാനി ഒഴിവാക്കാനും അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും കേന്ദ്ര സ‌ർക്കാ‌ർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഇനി കാഷ് അവാർഡ് ലഭിക്കും.

അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കുന്നവരെയാണ് അവാർഡിന് പരിഗണിക്കുക.

ഇത്തരം സംഭവങ്ങളിൽ ഡോക്ടറെ ബന്ധപ്പെട്ട് പൊലീസ് വിവരങ്ങൾ ശേഖരിക്കും. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അവാർഡിനുള്ള അർഹത രക്ഷപ്പെടുത്തിയ ആൾക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ജില്ലാതല അപ്രൈസൽ കമ്മിറ്റി അദ്ധ്യക്ഷനായ കളക്ടറെ അറിയിക്കും. ഇതിന്റെ പകർപ്പ് രക്ഷപ്പെടുത്തിയ ആൾക്കും നൽകും. ജില്ലാതല കമ്മിറ്റി ഇത്തരം ശുപാർശകൾ എല്ലാമാസവും പരിശോധിച്ച് അർഹമായവ ഗതാഗത കമ്മിഷണർക്ക് അയച്ചുകൊടുക്കും. കമ്മിഷണറാണ് കാഷ് അവാർഡ് നൽകുന്നതെന്ന് മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.

നടത്തിപ്പ് വിലയിരുത്താൻ സംസ്ഥാനതല നിരീക്ഷണ സമിതിയുണ്ട്. ഏറ്റവും സ്തുത്യർഹമായ രക്ഷാപ്രവർത്തനം കാഴ്ചവച്ച മൂന്നുപേരെ സമിതി ദേശീയ അവാർഡിന് കേന്ദ്ര സർക്കാരിന് നാമനിർദ്ദേശം ചെയ്യും. സംസ്ഥാനതല സമിതിയിൽ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി എന്നിവർ അംഗങ്ങളും ഗതാഗത കമ്മിഷണർ മെമ്പർ സെക്രട്ടറിയുമാണ്.

കേരളത്തിലെ റോഡ് അപകടങ്ങളുടെ കണക്ക്

വർഷം,​ അപകടങ്ങൾ,​ മരണം,​ പരിക്കേറ്റവർ എന്ന ക്രമത്തിൽ

2016 39420 4287 44108
2017 38470 4131 42671
2018 40181 4303 45458
2019 41111 4440 46055
2020 27877 2979 30510
2021 33296 3429 40204
2022 (ഫെബ്രുവരി വരെ) 7240 740 7979