pra

നെയ്യാറ്റിൻകര : ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘത്തെ നെയ്യാറ്റിൻകര പൊലീസ് പിടികൂടി. നാഗർകോവിൽ പള്ളിവിള ഗാന്ധി സ്ട്രീറ്റിൽ അനീഷ് രാജ (30), നാഗർകോവിൽ ഗണേശപുരം പുലവർ വിളയിൽ സുനിൽ (30) എന്നിവരാണ് നെയ്യാറ്റിൻകര പൊലീസിന്റെയും തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘത്തിന്റെയും അന്വേഷണത്തിനൊടുവിൽ പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി 11 ന് നെയ്യാറ്റിൻകര വ്ളാങ്ങാമുറി ഭാഗത്ത് നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാലപൊട്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രതികൾ പിടിയിലായത്. ഡിസംബറിൽ ഊരൂട്ടമ്പലം ഗോവിന്ദമംഗലത്ത് റോഡിലൂടെ നടന്നുവരികയായിരുന്ന വീട്ടമ്മയുടെ മാലപൊട്ടിച്ചതും ജനുവരി ആദ്യവാരം പാറശ്ശാല പരശുവയ്ക്കൽ ഭാഗത്തെ മുറുക്കാൻ കടക്കാരിയുടെ മാലപൊട്ടിച്ചതും ഇതേ പ്രതികൾ തന്നെയാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. അനീഷ് രാജ് കോയമ്പത്തൂരിൽ മാലപൊട്ടിച്ച കേസിലും സുനിലിനെതിരെ പോക്സോ ഉൾപ്പെടെ നിരവധി കേസുകളും നിലവിലുളളതായി പൊലീസ് പറഞ്ഞു.