കൊല്ലം: മുൻകാലങ്ങളിൽ ആണായി മത്സരിച്ചിരുന്ന ജെ. ഐവിൻ ഇത്തവണ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മോണോ ആക്ടിൽ മത്സരിച്ചത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിലാണ്. ട്രാൻസ്‌ജെൻഡറായ ശേഷം ആദ്യമായാണ് ഐഡന്റിറ്റി പ്രഖ്യാപിച്ച് മത്സരിക്കാനായത്. ഇത് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് ഒന്നാം സമ്മാനം നേടിയ ശേഷം ഐവിൻ പറഞ്ഞു. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ രണ്ടാം വർഷ എം.എ നൃത്തവിദ്യാർത്ഥിയാണ് ഐവിൻ.
സംഗീത കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോൾ 2008ലും 2009ലും ആൺകുട്ടികളുടെ വിഭാഗത്തിലാണ് ഓട്ടംതുള്ളൽ, നാടോടിനൃത്തം, ഭരതനാട്യം എന്നിവയിൽ മത്സരിച്ചത്. ഇത്തവണ ഭരതനാട്യം, കേരളനടനം, ലളിത സംഗീതം, കുച്ചിപ്പുടി, നാടോടി നൃത്തം, ഓട്ടൻ തുള്ളൽ എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.
എതിർപ്പുകൾ താണ്ടി വിജയപീഠത്തിൽ
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സ്വത്വം തിരിച്ചറിഞ്ഞ് പെണ്ണാവണമെന്ന ആഗ്രഹം ഐവിനുണ്ടായത്. സുഹൃത്തിനോടാണ് കാര്യം പറഞ്ഞത്. അദ്ദേഹം പിന്തുണച്ചു. വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം എതിർപ്പുണ്ടായിരുന്നു. എന്നാൽ തീരുമാനം മാറ്റിയില്ല. ഇപ്പോൾ കുടുംബത്തിലെ എതിർപ്പ് കുറഞ്ഞു.
ആറ്റിങ്ങൽ കോരാണിയാണ് ഐവാന്റെ ജന്മനാട്. അച്ഛൻ നേരത്തെ മരിച്ചു. ട്രാൻസ്‌ജെൻഡറായതിൽ വാടകയ്‌ക്കാണ് താമസിക്കുന്നത്. നൃത്തത്തിൽ ഡോക്ടറേറ്റെടുക്കുകയാണ് ലക്ഷ്യം. സുകു ചിറയിൻകീഴാണ് കലോത്സവ പരിശീലകൻ.