തിരുവനന്തപുരം: പ്രാവച്ചമ്പലത്തെ കെ.ടി.ഡി.സി ബീയർ പാർലറിൽ വിണ്ടും മോഷണം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. ബിയറും വൈനും മേശയിലുണ്ടായിരുന്ന ഒൻപതിനായിരം രൂപയും മോഷണം പോയതായി കെ.ടി.ഡി.സി അധികൃതർ അറിയിച്ചു. മൂന്ന് ദിവസം മുൻപും ഇവിടെ മോഷണം നടന്നിരുന്നു. നാഷണൽ ഹൈവേയോടു ചേർന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബിയർപാർലർ പ്രവർത്തിക്കുന്നത്. തൊട്ടടുത്ത കെട്ടിടത്തിലെ ഒന്നാം നിലയിൽ കയറിയ മോഷ്ടാക്കൾ ബിയർ പാർലറിന്റെ സൈഡിലുള്ള ഗ്ലാസ് തകർത്താണ് അകത്തു കടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപയും പത്ത് ബോട്ടിൽ ബിയറും അന്ന് മോഷ്ടിച്ചിരുന്നു. ഇതേ രീതിയിൽ തന്നെയാണ് വീണ്ടും മോഷണം നടന്നത്. ബിയർ പാർലറിൽ മോഷണത്തിന് ശേഷം തൊട്ടടുത്ത മൊബൈൽ സർവീസ് സെന്ററിലും സമാനരീതിയിൽ പിറകിലെ ഗ്ലാസ് പൊട്ടിച്ച് അകത്തു കയറി മോഷണം ശ്രമം നടത്തി. ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ട് അടുത്ത വീട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഉടമയെത്തി കട തുറന്നപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ല.