വിതുര: വിതുര പഞ്ചായത്തിലെ മേമല വാർഡിന്റെ പരിധിയിൽപ്പെടുന്ന ഉരുളുകുന്ന്, കടുവാക്കുഴി, പാതിരിക്കോട്, ആര്യനാട് പഞ്ചായത്തിലെ മീനാങ്കൽ പ്രദേശങ്ങളിലനുഭവപ്പെട്ടിരുന്ന അതിരൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായി. വർഷങ്ങളായി ഈ മേഖലയിൽ രൂക്ഷമായ വൈദ്യുതിപ്രതിസന്ധി നേരിട്ടിരുന്നു. വോൾട്ടേജ് ഇല്ലാത്തതുമൂലം സന്ധ്യമയങ്ങിയാൽ ട്യൂബ് ലൈറ്റുകൾ കത്താറില്ല. ഉള്ളതാകട്ടെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രം. ഇലക്ട്രിക് ഉപകരണങ്ങളും ടി.വിയും മറ്റും പ്രവർത്തിക്കണമെങ്കിൽ സ്റ്റെബിലൈസറിനെ ആശ്രയിക്കണം. മിനുങ്ങുന്ന ബൾബുകൾക്കൊപ്പം മെഴുകുതിരി കത്തിക്കേണ്ട അവസ്ഥയിലായിരുന്നു. വിദ്യാർത്ഥികൾക്ക് പഠിക്കണമെങ്കിൽ മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കണം. വോൾട്ടേജ് ക്ഷാമം വിദ്യാർത്ഥികളുടെ പഠനത്തേയും സാരമായി ബാധിച്ചിരുന്നു. ഈ മേഖലയിൽ വൈദ്യുതിമുടക്കവും പതിവായിരുന്നു. പത്ത് വർഷമായി ഇതായിരുന്നു സ്ഥിതി. വിതുര പഞ്ചായത്തിലെ മേമല വാർഡിന്റെ പരിധിയിൽപ്പെടുന്ന ഉരുളുകുന്ന്, പാതിരിക്കോട്, കടുവാക്കുഴി മേഖകളിലും ആര്യനാട് പഞ്ചായത്തിലെ മീനാങ്കൽ മേഖലയിലും അനുഭവപ്പെട്ടിരുന്ന അതിരൂക്ഷമായ വൈദ്യുതി പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ട്രാൻസ്‌ഫോർമർ സ്ഥാപിച്ച തൊളിക്കോട് ഇലക്ടിക്സിറ്റി ഓഫീസ് എ.ഇക്കും മറ്റ് ജീവനക്കാർക്കും ഉരുളുകുന്ന് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.യു.ജെ. ഉമേഷ് നന്ദി രേഖപ്പെടുത്തി.
വെളിച്ചത്തിനായി കാത്തിരിപ്പ്
പ്രദേശത്ത് നേരിടുന്ന വൈദ്യുതി പ്രശ്നം ചൂണ്ടിക്കാട്ടി അനവധി തവണ പരാതികൾ നൽകിയിരുന്നു. നിരവധി തവണ സമരങ്ങളും അരങ്ങേറി. വൈദ്യുതിവകുപ്പ് മന്ത്രിമാർക്ക് വരെ പരാതികൾ നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. തിരഞ്ഞെടുപ്പ് വേളകളിൽ വെളിച്ചം മുഖ്യവിഷയമായി ഉയർന്നുവരാറുണ്ട്. ശരിയാക്കിത്തരാമെന്ന് രാഷ്ട്രീയക്കാർ വാഗ്ദാനം നടത്താറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തിരിഞ്ഞുനോക്കാറില്ലെന്നാണ് പരാതി. വെളിച്ചത്തിനായി പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല.
ഒടുവിൽ വെളിച്ചമെത്തി
പ്രദേശവാസികൾ അനുഭവിക്കുന്ന വൈദ്യുതി പ്രശ്നം ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഉരുളുകുന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും വൈദ്യുതിവകുപ്പിന് നിവേദനം നൽകിയിരുന്നു. കൗമുദി വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വൈദ്യുതിവകുപ്പ് മേധാവികൾ അടിയന്തര നടപടികൾ സ്വീകരിക്കുകയും തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസിന്റെ നേതൃത്വത്തിൽ മീനാങ്കൽ കേന്ദ്രമാക്കി കഴിഞ്ഞ ദിവസം ട്രാൻസ്‌ഫോർമർ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ പ്രദേശത്ത് പത്ത് വർഷമായി നേരിട്ടിരുന്ന രൂക്ഷമായ വൈദ്യുതി പ്രശ്നത്തിന് പരിഹാരമായി. മേമല റസിഡന്റ്സ് അസോസിയേഷനും മേമല വാർഡ്മെമ്പർ മേമല വിജയനും വൈദ്യുതി പ്രശ്നം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു.