നെടുമങ്ങാട്: വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന മിഗ്ദാദിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ കടയിൽ കഴിഞ്ഞ ദിവസം മോഷണം നടന്നു. മൊബൈൽ ഉൾപ്പെടെയുള്ള അക്സസറീസാണ് മോഷണം പോയത്.

ഏകദേശം 20,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറയുന്നു. കടയുടെ പിറകുവശത്തെ വാതിൽ പൊളിച്ചാണ് കള്ളൻ അകത്ത് കടന്നത്. മൊബൈൽ കടയിലെ സി.സി ടിവി കാമറയുടെ കണക്ഷൻ വിച്ഛേദിച്ചിട്ടായിരുന്നു മോഷണം.

സമീപത്തായി പ്രവർത്തിക്കുന്ന കടയിലും മോഷണശ്രമം നടന്നു. ഒരു വർഷമായി ഇവിടെ മോഷണങ്ങളുടെ പരമ്പരയാണ് നടക്കുന്നത്.

ഈ അടുത്ത സമയത്ത് സമീപത്തെ കടയുടമ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് 3000 രൂപയും മോഷണം പോയിരുന്നു. ഇവിടെ മോഷണങ്ങൾ പതിവാകുന്നുവെന്നും മോഷണങ്ങൾ തടയാൻ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും കടയുടമകൾ പറയുന്നു. മൊബൈൽ കട ഉടമ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.