yogam

കല്ലമ്പലം: ദേവസ്വം ബോർഡിന്റെ കീഴിലുള്ള പുരാതന ക്ഷേത്രമായ നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് 28ന് കൊടിയേറും. മെയ് 7ന് സമാപിക്കും. നാളെ ക്ഷേത്രത്തിന്റെ 10 കരകളിൽ ഉത്സവാഘോഷങ്ങൾ നടക്കും. തുടർന്ന് 28ന് പുലർച്ചെ 3ന് 10 കരകളിൽ നിന്നുള്ള ഉരുൾ വഴിപാട്‌ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെയാണ് ഉത്സവത്തിന്‌ തുടക്കം. ഉത്സവം പ്രമാണിച്ച് നാവായിക്കുളം പ്രദേശം ഉത്സവ മേഖലയായി കലക്ടർ പ്രഖ്യാപിച്ചു. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് വി. ജോയി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം നടന്നു. പൊലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്‌ക്യൂ, പഞ്ചായത്ത്, വാട്ടർ അതോറിട്ടി, ഹെൽത്ത്, കെ.എസ്.ഇ.ബി, ദേവസ്വം ബോർഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ക്ഷേത്ര പരിധിയിൽ എല്ലാ തെരുവ് വിളക്കുകളും കത്തിക്കാനും, റോഡുകൾ വൃത്തിയാക്കാനും, അന്നദാനത്തിനായി ക്ഷേത്രത്തിൽ ശുദ്ധ ജലം ലഭ്യമാക്കാനും, ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ഒരു സ്റ്റാൻഡ് ബൈ യൂണിറ്റിന് അനുവാദം വാങ്ങാനും, എക്സൈസ് പരിശോധനകൾ നടത്താനും, ക്രമസമാധാന പാലനത്തിന് കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്. സാബു, എസ്. ബിജു, ജി. കുമാർ, നാവായിക്കുളം അശോകൻ, ഉപദേശക സമിതി സെക്രട്ടറി എസ്. ബാലചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് മനു ശങ്കർ, ദേവസ്വം മാനേജർ വി. ഷിബു എന്നിവർ സംസാരിച്ചു.