മുടപുരം: ആറ്റിങ്ങൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആദ്യത്തെ ഫെയർ സ്റ്റേജ് സ്റ്റോപ്പ് മാമം പാലം ജംഗ്‌ഷനിലാക്കി നിശ്ചയിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നിലവിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്ന് 1.8 കിലോമീറ്റർ ദൂരമുള്ള മാമം മാർക്കറ്റിന് സമീപമാണ് തിരുവനന്തപുരത്തേക്കുള്ള യാത്രയിലെ ഇപ്പോഴത്തെ ആദ്യ ഫെയർ സ്റ്റേജ്.

നിരവധി വർഷങ്ങൾക്ക് മുൻപ് രണ്ടര കിലോമീറ്റർ ദൂരം വരുന്ന മാമം പാലമായിരുന്നു ആദ്യ ഫെയർ സ്റ്റേജ്. പിന്നീട് ഫെയർ സ്റ്റേജ് പുനർ നിശ്ചയിച്ച് മാമം മാർക്കറ്റിന് സമീപം ആക്കുകയായിരുന്നു.

ഇതുമൂലം മാമം പാലം സ്റ്റോപ്പിലും ബസ്‌സ്റ്റോപ്പിന് സമീപത്തും ഇറങ്ങേണ്ട യാത്രക്കാർക്ക് രണ്ടാമത്തെ ഫെയർസ്റ്റേജിന്റെ തുക നൽകേണ്ടി വരികയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

അശാസ്ത്രീയമായാണ് ഇപ്പോൾ ഫെയർസ്റ്റേജ് നിശ്ചയിച്ചിരിക്കുന്നതെന്നും അത് പുനഃ പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഉണ്ടായിരുന്നതുപോലെ പുതിയ ഫെയർ സ്റ്റേജ് നിശ്ചയിക്കുമ്പോൾ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നുള്ള ആദ്യ ഫെയർ സ്റ്റേജ് സ്റ്റോപ്പ് മാമം പാലം ജംഗ്‌ഷനാക്കി പുനർ നിശ്ചയിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും നിവേദനം നൽകിയിട്ടുണ്ട്.