ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് റോഡ് തകർന്നു. വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയ റോഡിൽ മെയിന്റനൻസ് പണികൾ നടത്താത്തതാണ് റോഡിന്റെ പൂർണ തകർച്ചയ്ക്ക് കാരണമായത്. ഇപ്പോൾ ടാറിംഗ് തകർന്ന് മെറ്റൽ പൂർണമായും ഇളകി മാറിയതോടെ കാൽനട - വാഹനയാത്രകൾ നന്നെ ബുദ്ധിമുട്ടിലാണ്. റോഡിലെ ഇളകിമാറിയ മെറ്റലിൽ കയറി നിരവധി ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്.
ഈ റോഡിന് 300 മീറ്ററോളം മാത്രമേ ദൂരമുള്ളൂ. ഓട ഉൾപ്പെടെ നിർമ്മിച്ച് റോഡ് നവീകരിക്കാൻ റവന്യൂ മന്ത്രിയുടെ ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിച്ചതായി വാർഡ് മെമ്പർ അയിത്തി അശോകൻ പറയുന്നു.
ഹൗസിംഗ് ബോർഡ് വിഷ്ണു നഗറിൽ നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള ജനങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. മാത്രവുമല്ല ഏറെ പ്രശസ്തമായ തേക്കിൻകാല മഹാവിഷ്ണു ക്ഷേത്രത്തിലേക്കും നിരവധി ഭക്തജനങ്ങളാണ് ദിനംപ്രതി എത്തുന്നത്. നിരവധി തവണ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല. അടിയന്തരമായി റോഡ് നവീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.